Pravasimalayaly

ഗുജറാത്തിൽ കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കും: ലോക്സഭയിലേക്ക് ഒരുമിച്ച് മത്സരിക്കുമെന്ന് എഎപി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കുമെന്നും, കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച നടത്തുമെന്നും ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഇസുദാൻ ഗഡ്‍വി. ദില്ലി ഓർഡിനൻസ് വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ കോൺഗ്രസാണ് മുന്നിൽ നിന്ന് നയിച്ചത്. ഇതാണ് രണ്ടു പാർട്ടികളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താൻ കഴിയുന്ന തരത്തിൽ നിർണായകമായത്. അതേസമയം ഇത്തരമൊരു സഖ്യ ചർച്ചയിലേക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം എത്തിയിട്ടില്ല. ഇക്കാര്യങ്ങൾ ദില്ലിയിൽ ഹൈക്കമാന്റ് നേതൃത്വത്തിലാണ് തീരുമാനിക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

വർഷങ്ങളായി ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം നടക്കുന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ മത്സരിച്ച ആം ആദ്മി പാർട്ടി അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസിന് വൻ പരാജയമായിരുന്ന ഈ തിരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു ഏഴാം തവണയും അധികാരത്തിലെത്തിയത്. ആകെയുള്ള 182 സീറ്റിൽ 156 ലും ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ കോൺഗ്രസ്‌ വെറും 17 സീറ്റിലേക്ക് ചുരുങ്ങി.

ആം ആദ്മി പാർട്ടിയുടെയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെയും ശക്തമായ പ്രചാരണമാണ് കോൺഗ്രസിന്റെ വോട്ട് ഭിന്നിപ്പിച്ചതെന്നാണ് വിലയിരുത്തൽ. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 17 സീറ്റുകളിൽ 12 ഉം ബിജെപിയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിച്ചത്. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യത്തെ തുടർന്ന് സൗരാഷ്ട്ര മേഖലയിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭിന്നതകളില്ലാതെ ഒന്നിച്ച് നിന്ന് മത്സരിക്കാൻ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും കഴിഞ്ഞാൽ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ സമവാക്യം ഉരുത്തിരിയും.

Exit mobile version