തിരുവനന്തപുരം
കൊറോണ വൈറസ് ലോകത്തിന്റെ സാമ്പത്തിക ഘടനയെ തകർത്തെറിയുമ്പോൾ ഇനിയും എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന ദി ഇക്കണോമിസ്റ്റ് മാസികയുടെ കവർ പേജിൽ ഗുഡ് ബൈ ഗ്ലോബലൈസേഷൻ എന്ന തലവാചകം ആണ് ശ്രദ്ധേയമായിരിക്കുന്നത്
ആഗോളവൽക്കരണത്തെ നഖശികാന്തം എതിർത്ത കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ ഇതിപ്പോൾ ചർച്ച വിഷയം ആക്കിയിരിക്കുന്നു.
സി ഐ ടി യു കേരള ഘടകത്തിന്റെ പ്രതികരണം വായിക്കാം
ലണ്ടനിൽ നിന്നും നിന്നും പ്രസിദ്ധീകരിക്കുന്ന ‘ ദി ഇക്കണോമിസ്റ്റ് ‘ ലോകത്ത് ഏറ്റവും പ്രചാരമുള്ള ആധികാരിക സാമ്പത്തിക ആഴ്ചപതിപ്പാണ്.അവർ നവലിബറൽ നയങ്ങളുടെ വക്താക്കളുമാണ്.
എന്നാൽ കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അവരുടെ മെയ് 16ന് പ്രസിദ്ധീകരിച്ച പതിപ്പിന്റെ കവർ പേജാണ് ‘ Good Bye Globalization ‘.അവരുടെ മെയ് 16ന്റെ എഡിറ്റോറിയൽ തലക്കെട്ടും ആഗോളവത്കരണത്തിന് വിട എന്നാണ്.കോവിഡ് 19 പൊട്ടിപുറപ്പെട്ടതോടെ പതിറ്റാണ്ടുകളായി വളർന്നു വികസിച്ചുകൊണ്ടിരിക്കുന്ന ആഗോളവത്കരണത്തിന് പരിസമാപ്തിയായി എന്ന് അവർ പരിതപിക്കുന്നു.
അവരുടെ എഡിറ്റോറിയലിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
മഹാമാരി പൊട്ടിപുറപ്പെടുന്നതിന് മുൻപ് തന്നെ ആഗോളവത്കരണം പ്രതിസന്ധിയിലായിരുന്നു.
പതിറ്റാണ്ടുകളായി ലോക സമ്പദ് വ്യവസ്ഥ ഒരു തുറന്ന കമ്പോള – വ്യാപാര വ്യവസ്ഥയിലായിരുന്നു.
എന്നാൽ സാമ്പത്തിക തകർച്ചയും,ചൈന-അമേരിക്ക വ്യാപാര യുദ്ധവും ആ സംവിധാനത്തെ പ്രതിസന്ധിയിലാക്കി.
കോവിഡ് 19 അതിന് മൂന്നാമത്തെ ശക്തമായ അടിയായി.ലോക്ഡൗൺ മൂലം രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടത് വാണിജ്യ തകർച്ചയ്ക്ക് കാരണമായി.ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 97% ഇടിഞ്ഞു.മെക്‌സിക്കോയിൽ നിന്നുമുള്ള കാർ കയറ്റുമതി ഏപ്രിൽ മാസത്തിൽ 90% ഇടിഞ്ഞു.ലോകം പെട്ടെന്ന് തന്നെ ഒരു സ്വതന്ത്ര വ്യാപാര സംവിധാനത്തിലേക്ക് തിരിച്ചുവരും എന്ന് കരുതാൻ കഴിയില്ല.അതുകൊണ്ട് സാമ്പത്തിക ഉയർത്തെഴുന്നേൽപ്പ് വളരെ മെല്ലെയായിരിക്കും.
ലോകത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ വർധിക്കും.ലോകത്തെ ചരക്ക് വ്യാപാരം ഈ വർഷം 10% മുതൽ 30% വരെ ഇടിയും.
രാഷ്ട്രീയമായ സംഘർഷങ്ങൾ രാജ്യങ്ങൾ തമ്മിൽ കൂടി വരികയാണ്.ആൾക്കാരുടെ അന്തർദേശീയ സഞ്ചാരം,ചരക്കുകളുടെയും,മൂലധനത്തിന്റെയും നീക്കങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്.
ട്രംമ്പ് ഭരണകൂടം കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർക്കശമാക്കി.മറ്റ് രാജ്യങ്ങളും അത് പിന്തുടരും.ലോകത്തെ 90% ജനങ്ങളും ഇപ്പോൾ ജീവിക്കുന്നതത് അതിർത്തികൾ അടച്ച രാജ്യങ്ങളിലാണ്.അത് എന്ന് തുറക്കുമെന്ന് പറയാനാകില്ല.എല്ലാ രാജ്യങ്ങളും സ്വയം പര്യാപ്തമാകാനും ,സ്വന്തം രാജ്യത്തെ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുവാനുമാണ് ശ്രമിക്കുന്നത്.മൂലധനത്തിന്റെ ഒഴുക്കും വലിയ രീതിയിൽ കുറഞ്ഞു.അമേരിക്ക അവരുടെ പെൻഷൻ ഫണ്ടുകളോട് ചൈനീസ് ഷെയറുകൾ വാങ്ങാരുതെന്നു പറഞ്ഞുകഴിഞ്ഞു.ലോകസമ്പദ് വ്യവസ്ഥയുടെ 59%ഉം അവരുടെ വിദേശ നിക്ഷേപത്തിന് കൂടുതൽ കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.ഇത്തരമൊരു വ്യാപാര സംവിധാനം ഏറ്റവും ദോഷകരമായി ബാധിക്കാൻ പോവുന്നത് ദരിദ്ര രാജ്യങ്ങളെയാണ്.പ്രശ്നങ്ങൾ പരിഹരിക്കാൻ തകർന്നു വിണ്ടുകീറിയ ഒരു ലോകത്തിനാവില്ല.
വാക്‌സിൻ കണ്ടുപിടിക്കുന്നതിനും,സാമ്പത്തിക വീണ്ടെടുപ്പിനും വിണ്ടുകീറിയ ഒരു ലോക വ്യവസ്ഥയ്ക്ക് ആവില്ല.
ദുഖകരമെന്നു പറയട്ടെ ഈ യുക്തി ഇന്നൊരു ഫാഷനല്ല.സാമ്പത്തിക തകർച്ച,വ്യാപാര തർക്കം,മഹാമാരി എന്നീ മൂന്ന് പ്രഹരങ്ങൾ മൂലം ആഗോളവത്കരണത്തിന് വിട പറയുന്ന ഒരു സ്ഥിതിയാണ്.
എന്ത് സംഭവിക്കുമെന്ന് ആകുലപ്പെടുക മാത്രമേ വഴിയുള്ളൂ.
ഇന്നുവരെ തുടർന്നുവന്ന ആഗോളവത്കരണം ഈ പ്രതിസന്ധിയിൽ തുടരില്ല എന്ന് ഇക്കണോമിസ്റ്റ് തന്നെ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്.
ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ ചോദ്യമിതാണ്,ഇനി എന്ത് എന്നതുമാണ്.