ചരിത്രത്തിലാദ്യമായി പെട്രോള്‍ വില 81 രൂപ കടന്നു,തുടര്‍ച്ചയായ പത്താം ദിവസവും വില വര്‍ധനവ് മുന്നോട്ട്

0
38

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയില്‍ തുടര്‍ച്ചയായ പത്താം ദിവസവും വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 81 രൂപ കടന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് ഇന്നത്തെ വ്യാപാരവില. ചരിത്രത്തില്‍ ആദ്യമായാണ് പെട്രോളിന് 81 രൂപ കടക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 79.596 രൂപയും ഡീസലിന് 72.485 രൂപയും കണ്ണൂരില്‍ പെട്രോളിന് 78.117 രൂപയും ഡീസലിന് 69.246 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 79.943 രൂപയും ഡീസലിന് 72.823 രൂപയുമാണ് ഇന്നത്തെ വില.

കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തുടര്‍ച്ചയായ 19 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അക്കാലയളവില്‍ നേരിട്ട നഷ്ടം ഒന്നിച്ച് തിരിച്ചു പിടിക്കാനാണ് ദിനംപ്രതി കണക്കില്ലാതെ ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

രാജ്യമൊട്ടാകെ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുവ കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണു അറിയാന്‍ കഴിയുന്നത്. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധന രാജ്യത്തിന്റ് ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നതിനോടൊപ്പം കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കും. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്കു കൂടുതല്‍ ഡോളര്‍ വേണ്ടി വരുന്നതു മൂലം രൂപയുടെ മൂല്യവും ഇടിയും. അസംസ്‌കൃത എണ്ണവില രാജ്യാന്തര വിപണിയില്‍ സമീപഭാവിയില്‍ തന്നെ ബാരലിന് 90 ഡോളറായേക്കുമെന്നാണ് വിദഗ്ധര്‍ പറഞ്ഞുവെച്ചിട്ടുള്ളത്.

Leave a Reply