Pravasimalayaly

ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍, എസ്ഐയ്ക്ക് ഗുരുതര വീഴ്ച പറ്റി;  മുഖ്യമന്ത്രിക്ക് എന്തോ ഉത്തരവാദിത്തമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമമെന്ന് പിണറായി

കൊല്ലം: കോട്ടയം നട്ടാശേരിയില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കോട്ടയത്ത് എസ്ഐയ്ക്കു പറ്റിയതു ഗുരുതര വീഴ്ചയാണ്. പക്ഷേ സംഭവം രാഷ്ട്രീയവല്‍കരിക്കാനാണു ശ്രമമെന്ന്’ കൊല്ലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ‘ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. തന്നെ തിരഞ്ഞെടുത്തതു ജനങ്ങളാണു ചാനലുകളല്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

‘പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവര്‍ ഓര്‍ക്കണമായിരുന്നുവെന്ന്’ പിണറായി പറഞ്ഞു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവം രാത്രിയാണു നടക്കുന്നത്. പുലര്‍ച്ചെ സാധാരണ ഗതിയില്‍ പൊലീസ് വിവരമറിഞ്ഞ ഉടനെ എസ്ഐയ്ക്കും വിവരം ലഭിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം സ്വീകരിക്കേണ്ട നടപടിയൊന്നും സ്വീകരിച്ചില്ല. അതു മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു പോയതിനാല്‍ അല്ല. അന്നേരം മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനും അദ്ദേഹമില്ല.

‘തെറ്റായ ഒരു കാര്യത്തില്‍ തെറ്റായി നടപടി സ്വീകരിച്ച ആളെ വെള്ളപൂശി പകരം മുഖ്യമന്ത്രിക്ക് എന്തോ ഉത്തരവാദിത്തമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമം. നിങ്ങള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ അറിയാത്ത ആളല്ല ഞാന്‍. എത്രയോ തവണ നമ്മള്‍ തമ്മില്‍ മറുപടി പറഞ്ഞിട്ടുള്ളതുമാണ്. അതൊന്നും ഇപ്പോഴും കൈമോശം വന്നുപോയിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version