Pravasimalayaly

‘ചിത്രലേഖ’യെ ‘ചന്ദ്രലേഖ’യാക്കി ബിജെപി ; അമളി തിരിച്ചറിഞ്ഞപ്പോള്‍ വെള്ളക്കടലാസ് കൊണ്ട് മറച്ചു

കണ്ണൂര്‍ : സിപിഎമ്മിന്റെ ജാതി വിവേചനത്തിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ ദളിത് വനിതയും ഓട്ടോഡ്രൈവറുമായ ചിത്രലേഖയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിലെ ബോര്‍ഡ് ട്രോളന്മാര്‍ക്ക് വിരുന്നായി. ചിത്രലേഖയ്ക്ക് പിന്തുണ അര്‍പ്പിച്ച് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തിനായി തയ്യാറാക്കിയ ബാനറിലാണ് അക്ഷരപ്പിശക് വിനയായത്. ചിത്രലേഖയ്ക്ക് പകരം ചന്ദ്രലേഖ എന്നായിരുന്നു ബാനറില്‍ അടിച്ചിരുന്നത്.

ചന്ദ്രലേഖയ്ക്ക് അനുവദിച്ച ഭൂമി റദ്ദ് ചെയ്ത സിപിഎം ധാര്‍ഷ്ട്യത്തിനെതിരെ ധര്‍ണ എന്നായിരുന്നു ബാനറിലെ മുദ്രാവാക്യം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്. സമരത്തിനിടെയാണ്, ചിത്രലേഖയുടെ പേര് തെറ്റായാണ് അച്ചടിച്ചിട്ടുള്ളതെന്ന് പ്രതിഷേധക്കാര്‍ക്ക് മനസ്സിലായത്. അമളി തിരിച്ചറിഞ്ഞതോടെ ഇത് വെള്ളക്കടലാസ് കൊണ്ട് മറച്ച് ചിത്രലേഖയാക്കുകയായിരുന്നു.

പാര്‍ട്ടിഗ്രാമത്തില്‍ ജീവിക്കാനോ തൊഴിലെടുക്കാനോ കഴിയാതായപ്പോള്‍ ചിത്രലേഖ സെക്രട്ടേറിയറ്റിനു മുന്‍പില്‍ വരെ രാപകല്‍ സമരം നടത്തിയതിനെ തുടര്‍ന്ന്, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണു വീടുവയ്ക്കാന്‍ കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് അനുവദിച്ചത്. അവിടെ, മുസ്‌ലിം ലീഗ് അനുഭാവികളായ പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ വീടുപണി ഏതാണ്ടു തീരാറായപ്പോഴാണ് ഭൂമി തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

സിപിഎമ്മിന്റെ ജാതിവെറിക്കെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചിത്രലേഖയെ സന്ദര്‍ശിച്ചിരുന്നു. പക്ഷെ അദ്ദേഹം സംസാരിച്ചപ്പോഴും പലപ്പോഴും ചിത്രലേഖ, ചന്ദ്രലേഖയായി മാറിപ്പോയിരുന്നു. ആവശ്യമെങ്കില്‍ ചിത്രലേഖയ്ക്കു വീടും സ്ഥലവും നല്‍കാമെന്ന് ആര്‍എസ്എസിന്റെ ജീവകാരുണ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

Exit mobile version