Pravasimalayaly

ചെങ്ങന്നൂരില്‍ നാളെ ജനവിധി, ഇന്ന് നിശബ്ദ പ്രചാരണം;  

ചെങ്ങന്നൂര്‍: പരസ്യ പ്രചാരണത്തിന് തിരശീല വീണതോടെ നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍ ബാക്കി. നാളെ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുവാനായി ചെങ്ങന്നൂര്‍ നിവാസികള്‍ പോളിങ് ബൂത്തുകളിലേക്ക് നീങ്ങും. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ ഇടതടവില്ലാതെയാണ് വോട്ടിങ് നടക്കുക.

ചെങ്ങന്നൂരിന്റെ ചരിത്രത്തില്‍ ഇടംനേടുമാറ് കനത്ത വോട്ടിങ് തന്നെ നടക്കുമെന്നാണ് ഇലക്ഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് അറിയാന്‍ സാധിക്കുന്നത്. കാലാവസ്ഥ പ്രവചന പ്രകാരം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇതൊന്നും വോട്ടറുമാരുടെ ആവേശം കെടുത്തുന്നതായി കാണുന്നില്ല.

സ്ഥാനാര്‍ഥികള്‍ തന്നെ മണ്ഡലത്തില്‍ ഏഴ് റൗണ്ടിലധികം പര്യടനം നടത്തിക്കഴിഞ്ഞിരുന്നു. പ്രവര്‍ത്തകരും അത്രയും തവണയെങ്കിലും അഭ്യര്‍ത്ഥനയുമായി വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, സിനിമാതാരങ്ങള്‍ സംസ്ഥാന അഖിലേന്ത്യാ നേതാക്കള്‍ തുടങ്ങിയവരാണ് വീടുകളില്‍ കയറിയും അല്ലാതെയും വോട്ട് അഭ്യര്‍ഥന നടത്തിയത്. ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലം രൂപപ്പെട്ടതിന് ശേഷം ഇത്രയും വീറും വാശിയും ഉള്ളയൊരു തെരഞ്ഞെടുപ്പ് ചെങ്ങന്നൂരുകാര്‍ കണ്ടിട്ടില്ല.

അതേപോലെതന്നെ ഇത്രയും സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഒരു തെരഞ്ഞെടുപ്പും ചെങ്ങന്നൂരില്‍ നടന്നിട്ടുമില്ല. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കാകട്ടെ ഈ തെരഞ്ഞെടുപ്പ് ജീവന്‍മരണ പ്രശ്‌നമാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനത്തെ വിലയുരുത്തപ്പെടുന്ന തെരഞ്ഞെടുപ്പെന്നതിലുപരി പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്.

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും ഇക്കുറി റെക്കോഡാണ്. 17 പേരാണ് മത്സര രംഗത്തുള്ളത്. ആയതുകൊണ്ട് തന്നെ നോട്ടാ ഉള്‍പ്പടെ രണ്ട് വോട്ടിംഗ് മിഷീനുകളാണ് ബൂത്തുകളില്‍ സജ്ജമാക്കിയിരിക്കുന്നത്.

വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണമായും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പെന്ന ഖ്യാതിയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുണ്ട്.

Exit mobile version