Pravasimalayaly

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നിൽ സാമ്പത്തിക അഴിമതിയെന്ന് ബിജെപി

കോട്ടയം

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തതിനു പിന്നിൽ വൻ സാമ്പത്തിക അഴിമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ തിരിച്ച് ഏല്‍പ്പിക്കാതെ ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശംവച്ച് ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറിയ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പണം നല്‍കി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സർക്കാർ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭൂമി വില കൊടുത്ത് വാങ്ങുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ട്. ഭൂമിയിൽ ബിലീവേഴ്സ് ചർച്ചിന് അവകാശമില്ല. ഉടമസ്ഥാവകാശം ഇവർക്ക് സ്ഥാപിച്ച് കൊടുക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്സ് ചർച്ചുമായി ഈ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ശരിവക്കുകയും ചെയ്തു. വിമാനത്താവള നിര്‍മ്മാണത്തിനായി ഉപാധികളില്ലാതെ സര്‍ക്കാരിന് എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നിരിക്കെ ഇപ്പോള്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് പണം നല്‍കി ഏറ്റെടുക്കാനുള്ള നീക്കം ഗൂഢാലോചനയാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശബരിമലയിൽ വിമാനത്താവളം വരുന്നതിൽ ബിജെപി എതിരല്ല. പക്ഷേ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി എല്ലാം ഇങ്ങനെ ഏറ്റെടുക്കാൻ തുടങ്ങിയാൽ പലരും ഈ ആവശ്യവുമായി മുന്നോട്ട് വരുമെന്നും കെ സുരേന്ദ്രൻ മലപ്പുറത്ത് പറഞ്ഞു. വിഷയത്തിൽ പല തവണ ചർച്ച നടന്നിട്ടുണ്ട്. ഭൂമി വില കൊടുത്ത് വാങ്ങുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. സിപിഐ ഈ കാര്യത്തിൽ അഭിപ്രായം പറയണം. കോൺഗ്രസും ബിലീവേഴ്സ് ചർച്ചിനൊപ്പമാണ്. വിഷയത്തിൽ മുല്ലപ്പള്ളിയുടെയും, ചെന്നിത്തലയുടെയും, ഉമ്മൻ ചാണ്ടിയുടെയും നിലപാട് അറിയാൻ താൽപ്പര്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാർ പ്രതിരോധത്തിലാവുന്ന ഘട്ടത്തിലെല്ലാം കോൺഗ്രസ് തങ്ങളെ അടിക്കാനുള്ള വടി കൊടുക്കാറുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്ക് എതിരായ പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ശൈലജ ടീച്ചർക്ക് എതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version