Pravasimalayaly

ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊന്നു; അയൽവാസി അറസ്റ്റിൽ

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മൂന്ന് കേസുകളിൽ പ്രതിയായ ഋതു 2022 മുതൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. നോർത്ത് പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വടക്കേക്കര സ്റ്റേഷനിലെ എസ് ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

നാല് പേരെയും ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും ദേഹത്തും പല വട്ടം അടിച്ചു. ഋതു കെെയ്യിൽ കത്തി കരുതിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പോയത് ജിതിന്റെ ബൈക്കുമായിട്ടായിരുന്നു. ഇതിനിടെയാണ് വടക്കേക്കര എസ്ഐ പ്രതിയെ പിടികൂടുന്നത്. പിന്നീട് ആക്രമണ വിവരം ഇയാൾ എസ്ഐയോട് വിശദീകരിക്കുകയുമായിരുന്നു.

ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി ലഹരിക്കടിമയാണ്. ഇയാൾ ലഹരി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് അയൽവാസികൾ നേരെത്തെ തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ നിന്നുമുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version