Pravasimalayaly

ജനമൈത്രി, കുട്ടിപ്പൊലീസ് പദ്ധതികള്‍ കേരളത്തിനു ചീത്തപ്പേരുണ്ടാക്കി, ഇവയുടെ പേരില്‍ ചിലര്‍ അവാര്‍ഡ് സംഘടിപ്പിക്കാന്‍ ഓടിനടക്കുകയാണെന്ന് ഋഷിരാജ് സിങ്

തിരുവനന്തപുരം: ജനമൈത്രി, കുട്ടിപ്പൊലീസ് പദ്ധതികള്‍ കേരളത്തിനു ചീത്തപ്പേരുണ്ടാക്കിയെന്നും ഇവയുടെ പേരില്‍ കുറെ ഉദ്യോഗസ്ഥര്‍ നാടുചുറ്റുകയാണെന്നും കുറ്റപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് ഡിജിപി ഋഷിരാജ് സിങ്ങിന്റെ കത്ത്. ഈ പദ്ധതികളുടെ പേരില്‍ ചിലര്‍ മഗ്‌സെസെ അടക്കമുള്ള അവാര്‍ഡുകള്‍ സംഘടിപ്പിക്കാന്‍ ഓടിനടക്കുകയാണെന്നും ഋഷിരാജ് സിങ് കുറ്റപ്പെടുത്തിയതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതികളുടെ പ്രയോജനം ചില ഉദ്യോഗസ്ഥന്മാര്‍ക്കുമാത്രം ലഭിക്കുമ്പോള്‍ അവരേക്കാള്‍ സീനിയരായവര്‍ക്ക് ഒരവസരവും നല്‍കുന്നില്ലെന്ന പരാതിയാണ് ഋഷിരാജ് സിങ് ഉന്നയിച്ചിരിക്കുന്നത്. ജനമൈത്രി പൊലീസിന്റെ ചുമതല വഹിക്കുന്നത് ഒരു വനിതാ എഡിജിപിയും സ്റ്റുഡന്റ് പൊലീസിന്റെ കോഓര്‍ഡിനേറ്റര്‍ പൊലീസ് ആസ്ഥാനത്തെ ഒരു ഐജിയുമാണ്.

കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിക്കുകയാണെന്ന് ഋഷിരാജ് സിങ് പറയുന്നു. ഡിജിപിയുടെ അനുവാദംപോലും വാങ്ങാതെയാണ് മറ്റു ചിലര്‍ സര്‍ക്കാര്‍ ചെലവില്‍ റോന്തുചുറ്റുന്നത്. ചില സ്ഥാപനങ്ങളുടെ മേധാവികളുമായി നേരിട്ട് ബന്ധപ്പെട്ട് അവര്‍ വിദേശയാത്രകള്‍ പോലും തരപ്പെടുത്തുന്നു- കത്തില്‍ കുറ്റപ്പെടുത്തുന്നു.

സ്റ്റുഡന്റ് പൊലീസും ജനമൈത്രിയും കേരള സര്‍ക്കാരിന്റെ നയങ്ങളാണ്. പക്ഷേ, ചില ഉദ്യോഗസ്ഥര്‍ ഇവയുടെ പിതൃത്വം സ്വന്തമാക്കുന്നു. സ്വന്തം നേട്ടത്തിനായി അതൊക്കെ വിളമ്പുന്നു. ഇവയുടെ പേരില്‍ യോഗങ്ങളോ കോണ്‍ഫറന്‍സുകളോ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിനെയും പൊലീസിനെയും പ്രതിനിധീകരിക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കേണ്ടതല്ലേ? ഒന്നോ രണ്ടോ പേര്‍ സര്‍ക്കാര്‍ പദ്ധതികളെ സ്വന്തമാക്കി തട്ടിക്കൊണ്ടുപോകുന്നതു ശരിയാണോ? ഈ പദ്ധതികള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെതുമാണെന്നുമിരിക്കെ സ്വന്തമായി പ്രശസ്തിയുണ്ടാക്കാന്‍ വേണ്ടി ഇവര്‍ക്ക് എന്തിന് ചെല്ലും ചെലവും കൊടുക്കുന്നു? തുടര്‍ച്ചയായി യാത്രപോകാന്‍ ഇവര്‍ വാശി പിടിക്കുന്നതിന്റെ കാര്യം അന്വേഷിക്കണം. പദ്ധതികളുടെ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി മാഗ്‌സെസെ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തട്ടിക്കൂട്ടുകയാണോ ലക്ഷ്യമെന്ന് അന്വേഷിക്കണമെന്നും ഋഷിരാജ് കത്തില്‍ ആവശ്യപ്പെടുന്നു.

Exit mobile version