കുമരകം: ബാങ്ക് ജപ്തിയും ജീവിത പ്രാരാബ്ധങ്ങളും വലിയ പ്രതിബന്ധങ്ങളായി മുന്നില്‍ വളര്‍ന്നു വരുന്നതിനിടെയാണ് അതിനെയെല്ലാം തകര്‍ത്ത് ഭാഗ്യദേവത ഈ കുടുംബത്തെ കടാക്ഷിച്ചത്. ജന്മദിനത്തില്‍ മൂന്നു ഭാഗ്യങ്ങള്‍ ഒന്നിച്ചു വന്നതിന്റെ സന്തോഷത്തില്‍ ഇപ്പോഴും ഞെട്ടിയിരിക്കുകയാണ് ശ്രീജിത്ത്. ഒറ്റ നിമിഷം മതി ജീവിതം മാറാനെന്ന വാക്കുകള്‍ അങ്ങനെ ശ്രീജിത്തിന്റെ ജീവിതത്തില്‍ സത്യമായിരിക്കുകയാണ്.
ജന്മദിനത്തില്‍ മൂന്നു തവണയായാണ് ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തിയത്. കാരുണ്യ ലോട്ടറിയുടെ മൂന്നു ടിക്കറ്റുകളാണ് ശ്രീജിത്ത് എടുത്തത്. ഒന്നാം സമ്മാനമായ 75 ലക്ഷവും 10000 രൂപ വീതമുള്ള രണ്ട് സമാശ്വാസ സമ്മാനങ്ങളും ലഭിക്കുകയും ചെയ്തു. പെയിന്റിങ് ജോലിക്കിടെയായിരുന്നു ലോട്ടറി എടുത്തത്.
ശനിയാഴ്ചയായിരുന്നു ശ്രീജിത്തിന്റെ പിറന്നാള്‍ അന്നു തന്നെയാണ് ലോട്ടറി അടിക്കുന്നതും. വീട് നിര്‍മ്മാണത്തിന് ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ ഇനി എന്തുചെയ്യുമെന്ന വിഷമിച്ചു നില്‍ക്കുന്ന ഘട്ടത്തിലാണ് ലോട്ടറി അടിക്കുന്നത്. ഗോപികയാണ് ഭാര്യ. വൈഗ മകളും.