Pravasimalayaly

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീംകോടതി ഇന്ന് വിധിപറയും, കേന്ദ്ര സർക്കാരിന് നിർണായകം

ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. 

ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളയുകയും ചെയ്തതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സും, പിഡിപിയും, ജെ ആന്റ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉൾപ്പടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ വാദം കേട്ട സുപ്രീംകോടതി സെപ്റ്റംബർ അഞ്ചിന് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. 

2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. അനുച്ഛേദം 370 എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്. വിധി കേന്ദ്ര സർക്കാരിന് ഏറെ നിർണ്ണായകമാണ്.

അതിനിടെ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയകുമാരിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ്, ഇന്റലിജന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Exit mobile version