Pravasimalayaly

ജയ്പുര്‍- മുംബൈ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ വെടിവെപ്പ്; നാല് മരണം; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പിടിയില്‍

ജയ്പുര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വെടിവെപ്പ്. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ജയ്പുര്‍- മുംബൈ ട്രെയിനിലാണ് സംഭവം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിളാണ് യാത്രക്കാര്‍ക്കു നേരെ വെടിവച്ചത്.

സംഭവത്തില്‍ ഇയാളുടെ മേലുദ്യോഗസ്ഥനായ എഎസ്‌ഐ അടക്കമുള്ള നാല് പേരാണ് മരിച്ചത്. എസ്‌കോര്‍ട്ട് ഇന്‍ ചാര്‍ജ് എഎസ്‌ഐ ടിക്കാ റാം ആണ് മരിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍.

ജയ്പുരില്‍ നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന മുംബൈ സെന്‍ട്രല്‍ എസ്എഫ് എക്‌സ്പ്രസ് ട്രെയിന്‍ പാല്‍ഘര്‍ സ്റ്റേഷന്‍ കടന്നതിനു പിന്നാലെയാണ് സംഭവം. ബി 5 കോച്ചിലാണ് ആക്രമണം നടന്നത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ സിടി ചേതന്‍ എന്നയാളാണ് അക്രമി.

വെടിയുതിര്‍ത്തതിനു പിന്നാലെ ഇയാള്‍ ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ദഹിസര്‍ സ്റ്റേഷനു സമീപത്താണ് ഇയാള്‍ ചാടിയത്. പിന്നാലെ കോണ്‍സ്റ്റബിളിനെ ആയുധങ്ങള്‍ സഹിതം കസ്റ്റഡിയില്‍ എടുത്തു. ഭ്യാന്ദര്‍ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

Exit mobile version