ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം ഭീകരാക്രമണം; 7 പേര്‍ കൊല്ലപ്പെട്ടു

0
38

ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പത്ത് പേര്‍ക്ക് ?ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്.

രാത്രി 8.15ഓടെയാണ് ഭീകരന്‍ കാറില്‍ എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കിഴക്കന്‍ ജറുസലേമിന്റെ വടക്കന്‍ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയന്‍ സമീപപ്രദേശമായ ബെയ്റ്റ് ഹനീനയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്.

ആക്രമണത്തിന് ഉപയോഗിച്ച കൈത്തോക്ക് അക്രമിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. അക്രമി ആദ്യം തെരുവില്‍ നിന്ന ഒരു വയോധികയെയാണ് വെടിവച്ചത്, പിന്നീട് അതിവഴി കടന്നു പോവുകയായിരുന്ന ഒരു ബൈക്ക് യാത്രികന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷമാണ് ജൂത ആരാധനാലയത്തിന് പുറത്തുള്ള ആളുകള്‍ക്ക് നേരെ വെടിവെച്ചത്. ഭീകരന്‍ കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര്‍ ജറുസലേമിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചതെന്ന് ആംബുലന്‍സ് സര്‍വീസ് നടത്തുന്ന അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 20, 25, 30, 50, 60 വയസ്സുള്ള അഞ്ച് പുരുഷന്മാരും 60, 70 വയസ്സുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply