Saturday, November 23, 2024
HomeLatest Newsജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും; കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും; കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ആറ് മാസമായി നീണ്ടുനിന്ന ശീതസമരത്തിനാണ് വിരാമമായിരിക്കുന്നത്. കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുള്‍ക്കൊപ്പമാണ് ജോസഫിന്റെ നിയമനത്തിനും കേന്ദ്രം അംഗീകാരം നല്‍കിയത്.

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ.എം ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ജോസഫിന്റെ പേര് അംഗീകരിച്ചില്ല തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും പ്രത്യേകം ശുപാര്‍ശ നല്‍കുകയായിരുന്നു. ഒരു പേര് രണ്ടാമതും കൊളീജിയം ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. മനസില്ലാമനസോടെയാണെങ്കിലും ഇതാണിപ്പോള്‍ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. ഫയലുകള്‍ നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.

2016ല്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച്‌ അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍,​ അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42ആം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം.ജോസഫ് എന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്രം ഇതിനെ പ്രതിരോധിച്ചത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് നിലവില്‍ സുപ്രീം കോടതി ജഡ്ജിയായിനാല്‍ കെ.എം.ജോസഫിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരള ഹൈക്കോടതിക്ക് അനര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന വാദവും കേന്ദ്രം ഉയര്‍ത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments