Pravasimalayaly

ജി ശക്തിധരന്റെ ആരോപണത്തില്‍ കേസ് എടുക്കാത്തത് എന്ത്?; കോടതിയെ സമീപിക്കും; കെ സുധാകരന്‍

കണ്ണുര്‍:  കൈതോലപ്പായയില്‍ മടക്കി സിപിഎം ഉന്നതനേതാവ് രണ്ടുകോടിയില്‍പ്പരം രൂപ കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണത്തില്‍ കേസ് എടുക്കാത്തത് എന്തെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍. ശക്തിധരനെ അവിശ്വസിക്കേണ്ടതില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര വ്യക്തമായി ഒരാള്‍ ആരോപണം ഉന്നയിച്ചിട്ടും നടപടിയില്ല. കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അത് സംബന്ധിച്ച ചര്‍ച്ച നടക്കുന്നതായും സുധാകരന്‍ പറഞ്ഞു. 

തനിക്കെതിരെ ഏത് തരത്തിലുള്ള അന്വേഷണവും വിജിലന്‍സിന് നടത്താമെന്ന് കെ സുധാകരന്‍. പ്രശാന്ത് ബാബുവിന്റെ ഉള്‍പ്പടെയുള്ള ആരോപണത്തില്‍ എല്ലാം വിജിലന്‍സ് അന്വേഷിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. ‘പ്രശാന്ത് ബാബു എന്നെ പറ്റിച്ചവനാണ്. എന്നെ സിപിഎമ്മിന് ഒറ്റുകൊടുത്ത് വധിക്കാന്‍ സാഹചര്യമുണ്ടാക്കിയവനാണ്. അങ്ങനെയാണ് ഞാന്‍ അയാളെ ഒഴിവാക്കിയത്. ആ പ്രശാന്ത് ബാബുവിന്റെ വാക്ക് കേള്‍ക്കാന്‍ നിങ്ങള്‍ ചാനലില്‍ കൊണ്ടുപോയി ഇരുത്തി മാന്യന്‍മാരായ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം ഇരുത്തിച്ചാല്‍ അപമാനമാണ്. അരാണ് പ്രശാന്ത് ബാബു എന്നത് മാധ്യമങ്ങള്‍ അന്വേഷിക്കണം’- കെ സുധാകരന്‍ പറഞ്ഞു. രണ്ടുദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. 

അതേസമയം,  ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണെന്നും എഫ്‌ഐആര്‍ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചു മാച്ച് കളയാന്‍ എഡിജിപിയെ ഏല്‍പ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വര്‍ഷം മുമ്പുള്ള ആരോപണത്തില്‍ കേസെടുത്തില്ലെ? പിന്നെന്താ ഈ വെളിപ്പെടുത്തലില്‍ കേസ് എടുക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.  

Exit mobile version