ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് ഭാരതം എന്നു മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ ചര്‍ച്ചയായി ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം. മോദിയുടെ ഇരിപ്പിടത്തില്‍ ജി 20 ലോഗോയ്‌ക്കൊപ്പം ഭാരത് എന്നാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സാധാരണ ഇന്ത്യ എന്നാണ് ഇത്തരം ചടങ്ങുകള്‍ രേഖപ്പെടുത്താറുള്ളത്.
പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണു മോദിയുടെ ഇരിപ്പിടത്തില്‍ ജി20 ലോഗോയുള്ള ബോര്‍ഡില്‍ ‘ഭാരത്’ എന്നു രേഖപ്പെടുത്തിയത്. നേരത്തെ ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതിനു പിന്നാലെയാണ്, പേരുമാറ്റ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘െ്രെപംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നായിരുന്നു എഴുതിയത്. ഇതോടെ പേരുമാറ്റ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. പേരു മാറ്റുന്നതിനെ അനുകൂലിച്ച് ബിജെപി നേതാക്കളും ചലച്ചിത്ര, സ്‌പോര്‍ട്‌സ് താരങ്ങളും രംഗത്തുവന്നപ്പോള്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തി. എന്നാല്‍ പേരു മാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രതികരണം.