ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. പ്രതീക്ഷിക്കാത്ത പേരുകളും അതിൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
അത്തോളി മൊടക്കല്ലൂർ എയുപി സ്‌കൂളിൽ എത്തിയാണ് കെ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്ര ശക്തമായ പോസിറ്റീവ് വോട്ടിംഗ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ വികസന അജണ്ടയ്‌ക്കാണ് ജനങ്ങൾ വോട്ട് നൽകുന്നത്.
ഇരുമുന്നണികളോടും കേരളത്തിലെ ജനങ്ങൾക്ക് അമർഷമുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഇൻഡി മുന്നണിയിലെ സ്ഥാനാർത്ഥികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ പോലും നരേന്ദ്രമോദിയാണ് സംസ്ഥാനത്ത് വികസനരാഷ്‌ട്രീയം ചർച്ചയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 4ന് കേരള രാഷ്‌ട്രീയത്തിന്റെ ഗെയിം ചെയ്ഞ്ചറായിരിക്കും. വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയെ പറഞ്ഞയക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ബൈ ബൈ രാഹുൽ വെൽക്കം മോദി എന്നാണ് അവിടെയുള്ളവർ പറയുന്നത്. ക്വിറ്റ് രാഹുൽ തരംഗമാണ് മണ്ഡലത്തിൽ പ്രതിഫലിക്കുന്നത്. എൽഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരായ പല നേതാക്കളും ബിജെപിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ജൂൺ 4 കഴിയുമ്പോൾ പലരും എൻഡിഎക്കൊപ്പം ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.