Pravasimalayaly

ജെഡിഎസ് കേരള ഘടകം ദേവഗൗഡുടെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിക്കുന്നു?; നിലപാടാണ് വലുതെന്ന് ജോസ് തെറ്റയില്‍

തിരുവനന്തപുരം: പാര്‍ട്ടി ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേര്‍ന്നതിനെത്തുടര്‍ന്നുള്ള കടുത്ത പ്രതിസന്ധിക്കിടെ, ജെഡിഎസ് കേരള നേതൃയോഗം വ്യാഴാഴ്ച ചേരും. ദേവഗൗഡ നേതൃത്വം നല്‍കുന്ന ദേശീയഘടകവുമായി ബന്ധം വിച്ഛേദിക്കണമെന്ന ആവശ്യം സംസ്ഥാന ജെഡിഎസില്‍ ശക്തമായി.

അതേസമയം പാര്‍ട്ടി വിട്ടാല്‍ ജെഡിഎസ് എംഎല്‍എമാരായ കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവര്‍ക്ക് അയോഗ്യത വന്നേക്കും. ഇതും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കൃഷ്ണന്‍കുട്ടി മന്ത്രിയും, മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ്.

ബിജെപിക്കൊപ്പം ചേര്‍ന്ന ദേവഗൗഡ നേതൃത്വം നല്‍കുന്ന ദേശീയ നേതൃത്വവുമായിട്ടുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഒന്നുകില്‍ പുതിയ പാര്‍ട്ടി, അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുക എന്നീ നിര്‍ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

പാര്‍ട്ടിയാണ് വലുത്, പദവിയല്ലെന്നും, ആവശ്യം വന്നാല്‍ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും മുന്‍മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. നിലപാടുകളുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ യാതൊരു അവ്യക്തതയുമില്ല. ബിജെപി സഖ്യതീരുമാനം ദേവഗൗഡയുടേത് മാത്രമാണെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

Exit mobile version