Pravasimalayaly

ജെസ്‌നയ്‌ക്കൊപ്പമുള്ളത് തൃശൂര്‍ സ്വദേശിയായ സമ്പന്ന യുവാവ്, ഒളിച്ചോടുന്നതിനെ ഇരുവരും അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ഥിനിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു

ബംഗളുരു: കാഞ്ഞിരപ്പള്ളിയില്‍നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ബംഗളൂരുവിലെ ധര്‍മാര കോളജിനടുത്തുള്ള ആശ്വാസഭവനില്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.

ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപി വ്യക്തമാക്കി. മാര്‍ച്ച് 22നാണ് ജെസ്ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി.

തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു. ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംക്കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. എന്നാല്‍ കൈയില്‍ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല്‍ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര്‍ സഹായിച്ചു.

പനംക്കരിക്ക് കുടിച്ചശേഷം യാത്ര തുടര്‍ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരുടെ പക്കല്‍നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റതോടെ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി.

Exit mobile version