Pravasimalayaly

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് കോടതി നടപടി. ഏപ്രില്‍ രണ്ടിന് ജേക്കബ് തോമസ് കോടതിയില്‍ ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടു.

കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.

സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ നല്‍കിയ പരാതി മാധ്യമങ്ങള്‍ക്കും കൈമാറിയെന്നും തനിക്കെതിരെ വിധി പറഞ്ഞതിന്റെ പേരില്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാണെന്നാണ് അഭിഭാഷകന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

ജസ്റ്റിസ് പി. ഉബൈദ്, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെയാണ് ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

നിയമോപദേശം അനുസരിച്ച് ചുരുങ്ങിയ കാലത്തിനിടെ ജസ്റ്റിസ് ഉബൈദ് എനിക്കെതിരേ പ്രസ്താവിച്ച വിധികള്‍ക്കെല്ലാം പൊതുസ്വഭാവം ഉള്ളതായി മനസിലാക്കുന്നു. ഉന്നത വ്യക്തികള്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന അനേകം വിധികള്‍ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചില്‍നിന്ന് വന്നിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പോലും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ജസ്റ്റിസ് ഉബൈദ് നടത്തിയെന്നും ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും നല്‍കിയ പരാതിയില്‍ പറയുന്നു.

Exit mobile version