Pravasimalayaly

ജോലിക്ക് നല്കുന്ന കൂലി പ്രതിമാസം 300 രൂപ ;വര്‍ഷങ്ങളായി അടിമകളായിരുന്നവരെ ഒടുവില്‍ രക്ഷപെടുത്തി

ചെന്നൈ: വര്‍ഷങ്ങളായി തടിമില്ലില്‍ അടിമകളായി ചോദി ചെയ്്തിരുന്ന ആളുകളെ അതി സാഹസീകമായി രക്ഷപെടുത്തി. തമിഴ്നാട്ടിലെ കാഞ്ചീപുരം, വെല്ലൂര്‍ ജില്ലകളില്‍ നിന്നാണ് 42 പേരെ റവന്യു അധികൃതരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. 13 കുടുംബങ്ങളില്‍ നിന്നുള്ള 16 കുട്ടികളടക്കമുള്ളവരെയാണ് രക്ഷിച്ചത്. കാഞ്ചീപുരം ജില്ലയിലെ കൊന്നേരിക്കുപ്പം, വെല്ലൂര്‍ ജില്ലയിലെ പരുവമേട് ഗ്രാമങ്ങളിലാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് റവന്യു അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. മൂന്നുമുതല്‍ ഏഴുവര്‍ഷം വരെയായി ഇവര്‍ തടിമില്ലുകളില്‍ ജോലി ചെയ്യുകയായിരുന്നു. തൊഴിലുടമ ഓരോ കുടുംബത്തിനും 9000 മുതല്‍ 25000 രൂപ വരെ മുന്‍കൂറായി നല്‍കിയിരുന്നു. തുടര്‍ന്ന് കടത്തിന്റെ പേരില്‍ ഇവര്‍ വര്‍ഷങ്ങളോളം ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പകലും രാത്രിയും ജോലി ചെയ്യേണ്ടിവന്ന ഇവര്‍ക്ക് മാസം 300 രൂപയാണ് നല്‍കിയിരുന്നത്. അസുഖം ബാധിച്ചാല്‍ ഇവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. കുടുംബത്തിലെ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും അവധിയും നല്‍കിയിരുന്നില്ല. പലര്‍ക്കും ശാരീരികമായ ഉപദ്രവവും നേരിടേണ്ടിവന്നിരുന്നു. കാഞ്ചീപുരം സബ് കളക്ടര്‍ എ ശരവണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കൊന്നേരിക്കുപ്പത്തുനിന്നും എട്ട് കുടുംബങ്ങളിലെ 27 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ പത്ത് കുട്ടികള്‍ ഉള്‍പ്പെടുന്നു. പരുവമേട് നിന്നും അഞ്ച് കുടുംബങ്ങളിലെ ആറ് കുട്ടികളടക്കം 15 പേരെയും അടിമപ്പണിയില്‍ നിന്നും സ്വതന്ത്രരാക്കി. ഇവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ലഭ്യമാക്കി പുനരധിവാസത്തിന് സഹായം ചെയ്യുമെന്നും റവന്യു വകുപ്പ് അറിയിച്ചു.

Exit mobile version