Pravasimalayaly

ജോസ് വിഭാഗത്തിന്റെ എൽ ഡി എഫ് പ്രവേശനം : സി പി ഐ ഇടഞ്ഞുതന്നെ

കോട്ടയം

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം അനിശ്ചിതത്വത്തിൽ നിൽകുമ്പോൾ തന്നെ പരസ്യ വിമർശനവുമായി സി പി ഐ രംഗത്ത്. ജോസ് കെ മാണി വിഭാഗം വന്നാൽ എൽ ഡി എഫിന് പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലെന്നും ജോസ് കെ മാണിയുടെ സ്വാധീനം പാലായിൽ കണ്ടതാണെന്നും സി പി ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ക്രൈസ്തവ വോട്ടുകളുടെ കുത്തക ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും ക്രൈസ്തവ വോട്ടുകൾ എൽ ഡി എഫിനും എല്ലാവർക്കും കിട്ടുമെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. എൽ ഡി എഫിലെ മറ്റൊരു ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രെസും വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ എൻ സി പി നേതാവും പാലാ എം എൽ എ യുമായ മാണി സി കാപ്പൻ മുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്തു.

അതെ സമയം ജോസ് കെ മാണിയ്ക്ക് ഇനിയും യു ഡി എഫിൽ തുടരാനുള്ള സാധ്യതകളാണ് രമേശ്‌ ചെന്നിത്തല, ബെന്നി ബെഹനാന് എന്നീ നേതാക്കൾ തുറന്നിടുന്നത്. പക്ഷെ ജോസ് കെ മാണിയ്ക്ക് യു ഡി എഫിൽ തുടരാൻ അർഹത ഇല്ലെന്ന് പി ജെ ജോസഫ് വീണ്ടും ആഞ്ഞടിച്ചു. ജോസ് വിഭാഗത്തിൽ നിന്നും കൂടുതൽ നേതാക്കൾ തങ്ങളോടൊപ്പം ചേരുമെന്നും ജോസഫ് അറിയിച്ചു.

മുന്നണി മാറ്റം സംബന്ധിച്ച നിലപാടുകൾ ഇതുവരെയും ജോസ് വിഭാഗം പുറത്തുവിട്ടിട്ടില്ല. സ്വതന്ത്രമായി നിന്നുകൊണ്ട് ശക്തി തെളിയിക്കുവാനുള്ള ശ്രമങ്ങളാണ് ജോസ് വിഭാഗം ഇപ്പോൾ സ്വീകരിച്ചിരിയ്ക്കുന്നത്

Exit mobile version