Pravasimalayaly

ഞാനും ഷാലുവും പ്രണയത്തിലാണ്, വിവാഹവാര്‍ത്തക്കിടെ വെളിപ്പെടുത്തലുമായി ലിജോമോള്‍

കൊച്ചി: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ലിജോമോളുടെ വിവാഹ വാര്‍ത്ത വൈറലായിരുന്നു. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ ഷാലു റഹീമുമായി ലിജോമോള്‍ ഒളിച്ചോടി വിവാഹം കഴിച്ചു എന്നായിരുന്നു വാര്‍ത്ത. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിജോമോള്‍.

ഷാലുവും താനും പ്രണയത്തിലാണെന്നും വിവാഹം ഇപ്പോഴൊന്നും ഉണ്ടാവില്ലെന്നും താരം വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യാജ കല്യാണവാര്‍ത്ത വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും എന്നാല്‍ ഈ പണി ഒപ്പിച്ചവരെ വെറുതെവിടില്ലെന്നും താരം വ്യക്തമാക്കി. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം.

‘വ്യാജ കല്യാണ വാര്‍ത്തയുടെ ഉറവിടം എവിടുന്നെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുകയേ നിവര്‍ത്തിയുള്ളൂ. ഗോസിപ്പിനും ഇല്ലാക്കഥകള്‍ക്കും നമ്മുടെ നാട്ടിലാണോ പഞ്ഞം. എന്നെ പ്രേക്ഷകര്‍ കാണുന്നത് അവരുടെ വീട്ടിലെ കുട്ടിയെപ്പോലെയാണ്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ എല്ലാ സുന്ദരമായ നിമിഷങ്ങളും അവരുമായി ഞാന്‍ പങ്കുവയ്ക്കും.’ ലിജോമോള്‍ വ്യക്തമാക്കി.

താനും ഷാലുവുമായുള്ള പ്രണയത്താലാണെന്ന് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അറിയാം. ഒളിക്കാനായി ഒന്നുമില്ല. ഇതൊന്നും അറിയാത്ത ചിലര്‍ തങ്ങളുടെ സെല്‍ഫി കണ്ട് വിവാഹിതരായെന്ന് വിധിഎഴുതുകയായിരുന്നെന്നും താരം പറഞ്ഞു. തന്നെ വിശ്വാസമുള്ളതിനാല്‍ ഇത്തരം ഗോസിപ്പുകള്‍ വീട്ടുകാര്‍ വിശ്വസിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Exit mobile version