Pravasimalayaly

“ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല, എന്റെ അഡ്രസ്സ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍”; ചാണ്ടി യോഗ്യതയുള്ള വ്യക്തി: അച്ചു ഉമ്മന്‍

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ പുതുപ്പള്ളിയിലെ അടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന ചര്‍ച്ചകളാണ് ഉയരുന്നത്. മകന്‍ ചാണ്ടി ഉമ്മന്റെ പേരിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അച്ചു ഉമ്മന്‍. “ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. എവിടെപ്പോയാലും എന്റെ അഡ്രസ്സ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്നാണ്. അവസാനം വരെ അദ്ദേഹത്തിന്റെ മകള്‍ എന്ന ലേബലില്‍ തന്നെ ജീവിച്ച് മരിക്കാനാണ് എനിക്കാഗ്രഹം”, അച്ചു ഉമ്മന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തെയാണെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും അച്ചു പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ പല കുറിപ്പുകളും കണ്ടപ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരണമെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞാണ് താന്‍ പൊതുപ്രവര്‍ത്തനത്തിലേക്കില്ല എന്ന് അച്ചു വ്യക്തമാക്കിയത്. അതേസമയം, ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ തീര്‍ച്ചയായും അദ്ദേഹം യോഗ്യതയുള്ള വ്യക്തിയാണെന്നായിരുന്നു മറുപടി. എന്നാല്‍ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടുയുടേതാണെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. 

“ആര് കാന്‍ഡിഡേറ്റ് ആകണം ആകരുത് എന്ന് പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷെ ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക്, പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് അതിനൊരു ക്ലാരിറ്റി വരുത്തുകയാണ് എന്റെ ആവശ്യം. എവിടെപ്പോയാലും എന്റെ അഡ്രസ്സ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്നതാണ്. അച്ചു ഉമ്മന്‍ എന്നതിനേക്കാള്‍ ഉപരിയായിട്ട് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്നാണ് എന്റെ പേര്. അവസാനം വരെ അദ്ദേഹത്തിന്റെ മകള്‍ എന്ന ലേബലില്‍ തന്നെ ജീവിച്ച് മരിക്കാനാണ് എനിക്കാഗ്രഹം”, അച്ചു പറഞ്ഞു. 

“ഇതുവരെ അപ്പയെ അടക്കിയിരിക്കുന്ന സ്ഥലത്തേക്കുള്ള ജനത്തിരക്ക് കുറഞ്ഞിട്ടില്ല. അപ്പയുടെ സാന്നിധ്യം അനുഭവിക്കാന്‍ പലരും വീട്ടിലേക്കും വരുന്നുണ്ട്. വരുമ്പോള്‍ ഓരോ കഥകളാണ് പറയുന്നത്. ആ കഥകളൊക്കെ കേട്ട് അപ്പയെ ഓര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രീയപരമായ ചര്‍ച്ചകളൊക്കെ ഒഴിവാക്കണം എന്നാണ് എന്റെ ആഗ്രഹം”, അച്ചു പറഞ്ഞു.

Exit mobile version