Pravasimalayaly

‘ടാറ്റാ..ഗുഡ് ബൈ!’, ജോഡോ താടിയെടുത്ത് പുതിയ ലുക്കിൽ രാഹുൽ കേംബ്രിഡ്ജിൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുകെയിലെത്തി. കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്താനാണ് രാഹുൽ യുകെയിലെത്തിയത്. ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും മുടിയും വെട്ടി പുതിയ ലുക്കിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ‘ലേർണിംഗ് ടു ലിസൺ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി’ എന്ന വിഷയത്തിലാണ് കോൺഗ്രസ് നേതാവ് പ്രഭാഷണം നടത്തിയത്. മൂന്ന് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസാരിച്ച രാഹുൽ, താൻ നടത്തിയ ഭാരത് ജോഡോ യാത്രയും സംഭാഷണത്തിൽ ഉൾപ്പെടുത്തി. ജോഡോ യാത്രയിൽ താടിയും മുടിയും നീട്ടിവളർത്തി, വെള്ള ടി-ഷർട്ട് ധരിച്ചിരുന്ന രാഹുൽ, സ്യൂട്ടും ടൈയ്യും അണിഞ്ഞ് പുതിയ ലുക്കിലാണ് പ്രഭാഷണം നടത്തിയത്.

വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാഹുലിൻ്റെ ഫോട്ടോ കോൺഗ്രസ് നേതാക്കളടക്കം പങ്കുവച്ചിട്ടുണ്ട്. വയനാട് എംപി ഒരാഴ്ചത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. മാർച്ച് 5 ന് ലണ്ടനിലെ ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബിസിനസ് കമ്മ്യൂണിറ്റി അംഗങ്ങളുമായും രാഹുൽ ഗാന്ധി ആശയവിനിമയം നടത്താൻ തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Exit mobile version