ടി.പി. വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി

0
29

കൊച്ചി: ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്‌നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ലപെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വര്‍ഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയില്‍ റിപ്പോര്‍ട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു. ജയിലില്‍ കഴിഞ്ഞ കാലത്ത് പ്രതികള്‍ ഏര്‍പ്പെട്ട ക്രിമിനല്‍പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച് ജയിലുകളില്‍നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ഇത്തരം ക്രിമിനല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

Leave a Reply