ഹൈദരാബാദ്: പൊതുനിരത്തിലുള്ള ടോൾ പിരിവിൽ നിന്ന് രക്ഷപ്പെടാൻ വാഹന ഉടമകൾ പല അടവുകളും പയറ്റാറുണ്ട്. ഇതിനായി എം.എൽ.എ, പ്രസ്, ജഡ്ജ് എന്നിങ്ങനെയുള്ള സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിപ്പിക്കുന്ന ആളുകളുമുണ്ട്. എന്നാൽ ഹൈദരാബാദിലെ ഒരു വിരുതൻ ചിന്തിച്ചത് ‘അതുക്കും മേലെ’യാണ്.
കക്ഷി തന്ത്രം പ്രയോഗിച്ചത് തന്റെ കാറിന്റെ നമ്പർ പ്ലേറ്റിലായിരുന്നു. നമ്പറിന് പകരം അന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ പേരാണ് നൽകിയിരുന്നത്. കാറിന്റെ മുൻവശത്ത് മാത്രമല്ല പിറക് വശത്തും ഇതായിരുന്നു നൽകിയിരുന്നത്. കുറച്ച് കാലം ഇത്തരത്തിൽ ടോൾ പിരിവ് നൽകാതെ വിലസി നടന്നെങ്കിലും, ഒക്ടോബർ 19ന് പിടി വീണു. മുഖ്യമന്ത്രിയുടെ പേരുമായി സഞ്ചരിച്ച വാഹനത്തെ ജിഡിമെഡ്ലയിലെ ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഹരി രാകേഷ് എന്നയാളുടെ വണ്ടിയാണ് പിടിച്ചെടുത്തത്. ടോൾ പിരിവിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ പേര് നമ്പർ പ്ലേറ്റിൽ പതിച്ചതെന്ന് ഇയാൾ വ്യക്തമാക്കി. അതേസമയം, പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.