Friday, November 22, 2024
HomeLatest Newsട്രംപിനേക്കാള്‍ അപകടകാരിയാണ് മോദി; ഇന്ത്യയില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും അരുന്ധതി റോയ്

ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദി; ഇന്ത്യയില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും അരുന്ധതി റോയ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയത്. ‘ദ മിനിസ്റ്ററി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് ‘എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്റെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും രാജ്യത്തെ പരമോന്നത സംവിധാനങ്ങളെല്ലാം ബി.ജെ.പി സ്വന്തം കാല്‍ച്ചുവട്ടിലാക്കിയെന്നും അരുന്ധതി റോയ് പറയുന്നു. ‘മോദിയുടെ ആരാധികയല്ല താന്‍ എന്ന് താങ്കള്‍ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ, നിങ്ങള്‍ ഭയപ്പെടുന്നപോലെ മോദി അത്ര മോശക്കാരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു അരുന്ധതി റോയിയുടെ മറുപടി.

ന്യൂനപക്ഷമായ മുസ്‌ലീം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ നിങ്ങള്‍ കാണുന്നില്ലേ? തെരുവുകളില്‍ ആളുകളെ തല്ലിക്കൊല്ലുന്നു. മാംസ വില്‍പ്പന, ലെതര്‍ വര്‍ക്ക്, ഹാന്‍ഡി ക്രാഫ്റ്റ് അങ്ങനെ ജീവിക്കാനായി അവര്‍ നേരത്തെ എന്തെല്ലാം ജോലികള്‍ ചെയ്തിരുന്നോ അതൊന്നും ഇന്ന് അവര്‍ക്ക് ചെയ്യാനാവുന്നില്ല. അവര്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയിലെ അക്രമങ്ങള്‍ ഭീതിജനകമാണ്. നമ്മള്‍ എല്ലാവരും കാശ്മീരില്‍ കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെ കേട്ടിട്ടുണ്ട്. അവിടെയും ബലാത്സംഗം ചെയ്ത ആള്‍ക്ക് പിന്തുണ നല്‍കി സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മാര്‍ച്ച് നടത്തി. എങ്ങനെയായിരുന്നോ ഒരു വിഷയത്തെ നമ്മള്‍ സമീപിച്ചുപോന്നിരുന്നത് അത് പാടെ ഇല്ലാതായി. മറിച്ച് ധ്രുവീകരണം ശക്തിപ്പെട്ടു. – അരുന്ധതി റോയ് പറയുന്നു.

ട്രംപിനെപ്പോലെയുള്ള ദേശീയനേതാക്കളേക്കാള്‍ മോശമാണ് മോദിയെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അരുന്ധതി റോയിയുടെ മറുപടി ഇങ്ങനെയായിരുന്നു.” നിങ്ങള്‍ ട്രംപിനെ നോക്കൂ. ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ അവിടുത്തെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളും ഇതില്‍ അസ്വസ്ഥരാണ്. മാധ്യമങ്ങള്‍ ആശങ്കയിലാണ്. ജുഡീഷ്യറി ആശങ്കയിലാണ്. സൈന്യം ആശങ്കയിലാണ്. ജനങ്ങള്‍ അസ്വസ്ഥരാണ്. ആളുകള്‍ അദ്ദേഹത്തെ സഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതല്ല അവസ്ഥ. ഇന്ത്യയിലെ പരമോന്നത സ്ഥാപനങ്ങളെല്ലാം ഇവര്‍ക്ക് കീഴിലായിരിക്കുന്നു.

ലോകത്തിലെ മികച്ച നേതാക്കളെ കുറിച്ച് ഇന്ത്യയില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കവര്‍ ചിത്രം ഹിറ്റ്‌ലറുടേതായിരുന്നു. അതിനെ കുറിച്ച് ന്യൂയോര്‍ക് ടൈംസില്‍ വരെ വാര്‍ത്ത വന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് കീഴിലുള്ള നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ നിന്നും ഇറങ്ങി വന്ന് കോടതിക്ക് മുന്നില്‍ പത്രസമ്മേളനം നടത്തി. ഒരിക്കലും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലാത്ത ഒന്നാണ് ഇത്. ജനാധിപത്യം അപകടാവസ്ഥയിലാണെന്നും അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നതെന്നും കോടതിയെ വരെ വിലക്കെടുത്തു കഴിഞ്ഞെന്നും അവര്‍ക്ക് പറയേണ്ടി വന്നു. അത്തരമൊരു അവസ്ഥയിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്”- അരുന്ധതി റോയ് പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments