Pravasimalayaly

ട്രംപ്-സെലെൻസ്‌കി വാക്പോര്; യുക്രൈനുള്ള സൈനിക സഹായം നിർത്തി അമേരിക്ക

യുക്രൈനുള്ള സൈനിക സഹായം താത്കാലികമായി നിർത്തി അമേരിക്ക.
വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും – യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയും തമ്മിലുള്ള ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം.

യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണവും വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നു. സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം.

യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. യുക്രൈന്‍റെ നിലപാട് കേൾക്കണമെന്ന് മാത്രമാണ് തന്‍റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായാണ് വിവരം.

Exit mobile version