ഡല്‍ഹി ചലോ പ്രക്ഷോഭം: പഞ്ചാബ് സ്വദേശിയായ കര്‍ഷകന്‍ മരിച്ചു; മരിച്ച കര്‍ഷകരുടെ എണ്ണം ആറായി

0
31

ഡല്‍ഹി ചലോ പ്രക്ഷോഭത്തിനിടെ കണ്ണീര്‍വാതക പ്രയോഗത്തില്‍ പരിക്കേറ്റ പഞ്ചാബ് സ്വദേശിയായ കര്‍ഷകന്‍ മരിച്ചു. പാട്യാല ജില്ലയിലെ ആര്‍നോ ഗ്രാമത്തില്‍ നിന്നുള്ള കര്‍ണയില്‍ സിങ്ങാണ് മരിച്ചത്. 62 വയസായിരുന്നു.ഫെബ്രുവരി 21ന് ഹരിയാന പൊലീസന്റെ ടിയര്‍ ഗ്യാസ് ഷെല്‍ വര്‍ഷത്തിലാണ് കര്‍ണയില്‍ സിങ്ങിന് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയുണ്ടായത്. ശുഭ്കരണ്‍ സിങ്ങ് എന്ന യുവ കര്‍ഷകനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചിരുന്നു.പ്രക്ഷോഭം തുടങ്ങി രണ്ടാഴ്ചക്കിടെ ആറാമത്തെ മരണം. ദര്‍ശന്‍ സിങ് (62), ഗ്യാന്‍ സിങ് (63), മന്‍ജിത് സിങ് (72), നരീന്ദര്‍ പാല്‍ സിങ് (43), ശുഭ്കരണ്‍ സിങ്ങ് (21) എന്നിവരാണ് പ്രക്ഷോഭത്തിനിടെ മരിച്ച മറ്റു കര്‍ഷകര്‍. ഇവരില്‍ പലരും കണ്ണീര്‍വാതക ഷെല്‍ പ്രയോഗത്തെ തുടര്‍ന്നുള്ള അസ്വസ്ഥത മൂലമാണ് മരിച്ചത്.ഭാരതീയ കിസാന്‍ യൂണിയന്‍- ക്രാന്തികാരി വിഭാഗം അംഗമാണ് കര്‍ണയില്‍ സിങ്ങ്. ഒന്നര ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്തിരുന്ന അദ്ദേഹത്തിന് എട്ടു ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇപ്പോള്‍ ഭൂമിയും അദ്ദേഹത്തിന്റെ പേരിലല്ല.പ്രക്ഷോഭത്തിനിടെ മരിച്ച എല്ലാ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ശുഭ്കരന്‍ സിങ്ങിന്റെ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധിക്കുകയാണ് കര്‍ഷക സംഘടനകള്‍. മൃതദേഹം സര്‍ക്കാര്‍ രജീന്ദ്ര ആശുപത്രി മോര്‍ച്ചറിയിലാണ്.

Leave a Reply