Pravasimalayaly

ഡല്‍ഹി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ കുംഭമേളയ്ക്ക് പോകാന്‍ എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍, ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും, ചെറിയ പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. മരിച്ചവരില്‍ ഒമ്പത് പേര്‍ ബീഹാറില്‍ നിന്നുള്ളവരും എട്ട് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരും ഒരാള്‍ ഹരിയാന സ്വദേശിയുമാണ്.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാന്‍ റെയില്‍വേ ജീവനക്കാരോട്, റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍ റെയില്‍വേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. കുംഭമേളയ്ക്കായി പ്രയാഗ് രാജ് എക്‌സ്പ്രസില്‍ പോകാനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.

പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളില്‍ രാത്രി 8 മണിയോടെ അനിയന്ത്രിതമായ തിക്കും തിരക്കും അനുഭവപ്പെട്ടത്. തീര്‍ത്ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. അടിയന്തര നടപടി കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിക്കും കമ്മിഷണര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നിര്‍ദേശം നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

Exit mobile version