Pravasimalayaly

ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്നും; രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച 

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരാണ് പ്രതിഷേധിക്കുന്നത്. കാഷ്വല്‍റ്റി, ഐസിയു, ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്ടര്‍മാരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.

അതേസമയം സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 10.30ന് ചര്‍ച്ച നടത്തും. ഐഎംഎ, കെജിഎംഒഎ  അടക്കമുള്ള സംഘടനകളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.  വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്‌കരിക്കുമെന്നാണ് കെജിഎംഒഎയുടെ പ്രഖ്യാപനം. ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

Exit mobile version