കൊല്ലം: ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ മെയ് 10ന് പുലര്‍ച്ചെ 4.30നായിരുന്നു ദാരുണമായ കൊലപാതകം.
അസീസിയ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയും താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജനുമായ വന്ദനദാസിനെ (25) പൊലീസ് ചികിത്സയ്ക്ക് എത്തിച്ച സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിനെതിരെ എല്ലാതെളിവുകളും ശേഖരിച്ചശേഷമാണ് 83 -ാം ദിവസം അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. 26 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകം, കൊലപാതക ശ്രമം, ആശുപത്രിയില്‍ കലാപവും അക്രമവും നടത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പ്രതി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ തുടരനാകും. അതിവേഗ വിചാരണവേണമമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍, ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍. ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികള്‍, നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി, സാഹചര്യത്തെളിവുകള്‍ എന്നിവ അടക്കം വിശദമായാണ് കുറ്റപത്രം തയ്യാറാക്കിയത്. സന്ദീപിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒട്ടേറെ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ ഉണ്ട്.
കേരള ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്‍കി. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛനമ്മമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 17ന് പരിഗണിക്കും.