Sunday, November 24, 2024
HomeNewsKeralaഡ്രഡ്ജർ ​ഗം​ഗാവലിപ്പുഴയിൽ എത്തി; അർജുനായി തിരച്ചിൽ നാളെ പുനരാരംഭിക്കും

ഡ്രഡ്ജർ ​ഗം​ഗാവലിപ്പുഴയിൽ എത്തി; അർജുനായി തിരച്ചിൽ നാളെ പുനരാരംഭിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ​ഷിരൂരിലെത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ വേലിയേറ്റ സമയമായതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് മുന്നോട്ട് പോകുന്നത്. നാവിക സേനയുടെ മേൽനോട്ടത്തോടെയാണ് ഡ്രഡ്ജറിന്റെ പ്രവർത്തനം. രണ്ട് പാലങ്ങൾ കടക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. തുടർന്നാണ് വേലിയേറ്റ വേലിയിറക്ക സമയങ്ങൾ കേന്ദ്രീകരിച്ച് ഡ്രഡ്ജറിന്റെ യാത്ര ക്രമീകരിച്ചത്.

ഇന്ന് രാത്രിയോടെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിക്കും. ജൂലൈ 16നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ട് മാസം കഴിഞ്ഞിട്ടും അപകടത്തിൽ കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. വിവിധ സേന വിഭാ​ഗങ്ങളും ശാസ്ത്ര പരിശോധനയും നടന്നിരുന്നു. അർജുൻ ഓടിച്ച ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന മേഖല കണ്ടെത്തിയെങ്കിലും പുഴയ്ക്കടി തട്ടിലെ കല്ലും മണ്ണും വെല്ലുവിളി ഉയർത്തിയിരുന്നു. തുടർന്നാണ് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.

ഡ്രഡ്ജറിന്റെ ചെലവ് പൂർണമായി വഹിക്കുന്നത് കർണാക സർക്കാരാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സിൽ താഴെയെന്നാണ് നാവികസേനയുടെ പരിശോധനയിൽ കണ്ടെത്തിയത്. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണ്. പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമാണ് ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിലാണ് നാളെ പുനരാരംഭിക്കുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments