Pravasimalayaly

ഡൽഹിയിലെ അപകടം: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലെ ഒന്നാം ടെർമിനലിൽ മേൽക്കൂര തകർന്ന് ഒരാൾ മരണപ്പെട്ട സംഭവത്തിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാ​ഗാമായാണ് തീരുമാനം.

എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് കനത്ത മഴയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലെ മേൽക്കൂര തകർന്നുവീണ് ടാക്സി ഡ്രൈവർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തെത്തുടർന്ന് ഒന്നാംടെർമിനലിലെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ടെർമിനലിൽ യാത്രക്കാർ വരുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കുമുകളിലേക്ക് മേൽക്കൂരയും ഇരുമ്പുതൂണുകളും തകർന്നുവീഴുകയായിരുന്നു.

പുലർച്ചെ യാത്രക്കാർ കുറവായതാണ് വൻദുരന്തം ഒഴിവാക്കിയത്. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്നു ലക്ഷം രൂപവീതവും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് സാങ്കേതികകമ്മിറ്റിയെ നിയോഗിച്ചതായി വിമാനത്താവളം അധികൃതർ അറിയിച്ചു. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയിരുന്നു. യാത്രക്കാർക്ക് ടിക്കറ്റുനിരക്ക് മടക്കിനൽകുന്നതിനും പകരം വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കിയതായും മന്ത്രി അറിയിച്ചു. സ്വകാര്യകമ്പനിയായ ജി.എം.ആർ. ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല.

Exit mobile version