Pravasimalayaly

തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമാ തീയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൺസ് പുത്രൻ

സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആണ് അൽഫോൺസ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന ​രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടുപിടിച്ചെന്ന് അൽഫോൺസ് കുറിക്കുന്നു.

ആർക്കും ഭാ​രമാകാൻ താൻ‌ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. എന്നാൽ പോസ്റ്റ് പങ്കുവച്ച് അധികം സമയമാകുന്നതിന് മുൻപ് തന്നെ അദ്ദേഹം അത് പിൻവലിച്ചിട്ടുണ്ട്. പക്ഷേ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

“ഞാൻ എന്റെ തിയറ്റർ, സിനിമ കരിയർ അവസാനിപ്പിക്കുക ആണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോ​ഗമാണെന്ന് കഴി‍ഞ്ഞ ദിവസം ഞാൻ സ്വയം കണ്ടെത്തി. ആർക്കും ഭാരമാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഷോർട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് ഞാൻ തുടരും. ഒടിടി വരെ ചിലപ്പോൾ അതുചെയ്യും. സിനിമ ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല.

പക്ഷേ വേറൊരു മാർ​ഗവുമില്ല. എനിക്ക് സാധിക്കാത്തൊരു കാര്യം വാ​ഗ്ദാനം ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ആരോ​ഗ്യം മോശമാകുമ്പോൾ, സിനിമയിലെ ഇന്റർവെൽ പഞ്ചിൽ വരുന്നത് പോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിലും സംഭവിക്കും”, എന്നാണ് അൽഫോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിർണയം നടത്തൂ എന്നാണ് ആരാധകർ പറയുന്നത്.‘അടിപൊളി ആയി തിരിച്ചു വരും. നിങ്ങൾക്ക് അതിനു പറ്റും. നിങ്ങൾക്കേ പറ്റൂ.’’ എന്നും ചിലർ കമന്റ് ചെയ്യുന്നു. പോസ്റ്റ് ചർച്ചയായതോടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അൽഫോൻസ് നീക്കം ചെയ്തു.

Exit mobile version