Pravasimalayaly

തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജുഡിഷ്യൽ കമ്മീഷൻ; ശശികലയ്‌ക്കെതിരെ അന്വേഷണം വേണം

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ച് ഡിഎംകെ സർക്കാർ. എഡിഎംകെ ഇടക്കാല അധ്യക്ഷയായിരുന്ന ശശികലയുൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.

വിദേശഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടും നടത്തിയില്ല. മരണവിവരം പുറംലോകം അറിഞ്ഞത് ഒരു ദിവസത്തിനു ശേഷം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 സെപ്റ്റംബര്‍ 13ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിച്ചു. മരണവിവരം ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചത് 2016 ഡിസംബര്‍ 5ന് രാത്രി 11.30 നാണ്. ഡിസംബര്‍ 4ന് ഉച്ചയ്ക്ക്ശേഷം 3നും 3.50നും ഇടയില്‍ ജയലളിത മരിച്ചതായി ദൃക്സാക്ഷി മൊഴിയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉറ്റതോഴിയായ ശശികലയുമായി 2012 മുതലേ ജയലളിത നല്ല ബന്ധത്തിലായിരുന്നില്ല. ശശികല, ജയലളിതയെ ചികിത്സിച്ച ഡോ.ശിവകുമാര്‍, ആരോഗ്യസെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്.
റിപ്പോര്‍ട്ട് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കൈമാറിയിരുന്നു.

Exit mobile version