Pravasimalayaly

തലസ്‌ഥാന നഗരിയിൽ മരണഭീതിയിൽ മലയാളികൾ.. അധികാരികൾ കണ്ണ് തുറക്കുക

ന്യൂ ഡൽഹി യിൽ നിന്നും സ്പെഷ്യൽ റിപ്പോർട്ടർ

കൊറോണ വൈറസ് ഉഗ്രരൂപം കൈവരിയ്ക്കുന്ന ന്യൂ ഡൽഹിയിൽ ഒരിറ്റ് കനിവിനായി കേണുകൊണ്ട് ആയിരക്കണക്കിന് മലയാളികൾ. കോവിഡ് ഭീതിയോടൊപ്പം ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുകയാണ് ജോലിയ്ക്കായി ഡൽഹിയിൽ എത്തിയ മലയാളികൾ. കേരളത്തിൽ നിന്ന് പാർലമെൻറിൽ എത്തിയ എംപിമാർ ഇവരെ കണ്ടില്ലെന്ന മട്ട് തുടർന്നാൽ ആയിരക്കണക്കിന് ആളുകളും ഇവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാവുമെന്നതിൽ തർക്കം ഇല്ല

ഡൽഹിയിലെ തുഗ്ലക്കാബാദ് മേഖലയിലാണ് കാര്യങ്ങൾ വഷളായിരിക്കുന്നത്. റെഡ് സോൺ പ്രഖ്യാപിക്കപ്പെട്ട മേഖലയിൽ കോവിഡ് ബാധിച്ചവർ യഥേഷ്ടം പൊതുനിരത്തിലിറങ്ങി നടക്കുന്ന ഭീകരമായ കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. ഇവരെ നിയന്ത്രിയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിയ്ക്കുന്നു. ലോക്ക് ഡൗൺ തുടരുന്നതിനിടെ ജോലിയ്ക്ക് പോകാൻ കഴിയാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ആയിരക്കണക്കിന് ആളുകൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും ഗതിയില്ലാതെ നാല് ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്നത് ജനപ്രതിനിധികൾ കണ്ടില്ലെന്ന് നടിയ്ക്കുന്നു. ജോലിയ്ക്ക് പോകാൻ കഴിയാത്തവരിൽ അൻപതിൽ അധികം നഴ്സ്മാർ ഉള്ളത് ഈ കോവിഡ് കാലത്ത് വിരോധാഭാസമായേ കാണാൻ കഴിയൂ. ജോലി ചെയ്യാൻ സന്നദ്ധരായി നിൽക്കുന്ന നേഴ്സ്മാരെ ആശുപത്രികളിൽ എത്തിയ്ക്കുവാൻ കഴിയാത്തത് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ കാണിയ്ക്കുന്ന ഗുരുതര വീഴ്ചയാണ്.

ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ദിവസങ്ങളോളം തള്ളി നീക്കിയ ഈ മേഖലയിൽ ചില സന്നദ്ധ സംഘടനകൾ ചില ചെറിയ സഹായങ്ങൾ നൽകിയിരുന്നു. വിവിധ ഗലികളിലായി കഴിയുന്ന ഇവർക്ക് പുറത്തിറങ്ങാൻ കോവിഡ് രോഗികളും സാമ്പത്തിക ഞെരുക്കവും അനുവദിയ്ക്കുന്നില്ല എന്നുള്ളത് വസ്തുതയാണ്.

ഏപ്രിൽ 19 ന് കോവിഡ് സ്‌ഥിരീകരിച്ച 38 പേരെയും 30 ന് 16 പേരെയും ഗലി നമ്പർ 27 ലൂടെ നടത്തിച്ചുകൊണ്ടുപോയ വാർത്ത ഞെട്ടലുണ്ടാക്കുന്നു. ഇവരുടെ കുടുംബാങ്ങങ്ങളും അടുത്ത് ഇടപഴകിയവരെയും നിരീക്ഷണത്തിൽ പാർപ്പിക്കുകയോ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയോ ചെയ്തിട്ടില്ല. ഇവരിൽ ചിലർ പൊതുനിരത്തിൽ വിഹരിയ്ക്കുന്ന കാഴ്ച സാധാരണമാണ്. ഇവിടെ നിയന്ത്രണങ്ങളോ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോ ഇല്ല. ടെസ്റ്റുകളുടെ ഫലങ്ങൾ ആഴ്ചകൾ കഴിഞ്ഞിട്ടാണ് പുറത്ത് വിടുന്നത്. ഇത്തരം വിഷയങ്ങൾ പൊതുശ്രദ്ധയിൽ പെടുത്താൻ ദൃശ്യ മാധ്യമ പ്രവർത്തകർക്ക് കടന്നു ചെല്ലുവാനുള്ള സാഹചര്യം നിലവിൽ ഇല്ല.

ഇത്തരം ദുരവസ്‌ഥയിലൂടെ കടന്നു പോകുന്ന ആയിരക്കണക്കിന് മനുഷ്യരുടെ നിലവിളി കേൾക്കുവാൻ ഈ രാജ്യത്ത് ആരുമില്ലന്നുള്ള അവസ്‌ഥ ഇനിയും നേരിടണമോ വിധിയെ പഴിക്കണമോ എന്നുള്ള ചിന്തയിലാണ് ജനങ്ങൾ

Exit mobile version