മലപ്പുറം: താനൂർ ബോട്ടപകടത്തിൽ സ്രാങ്ക് അറസ്റ്റിൽ. ബോട്ട് ഓടിച്ച ദിനേശനാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ താനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എങ്ങനെയാണ് ബോട്ട് അപകടത്തിൽ പെട്ടത് എന്നുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരാനുണ്ട്. മലപ്പുറം പൊലീസ് മേധാവിയുടെയും താനൂർ ഡിവൈഎസ്‌പിയുടെയും നേതൃത്വത്തിലാകും ഇയാളെ ചോദ്യം ചെയ്യുക.
കേസിലെ മുഖ്യപ്രതി നാസർ ഇന്നലെ പിടിയിലായിരുന്നു. ഇയാൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ രക്ഷപ്പെടുത്താൻ സഹായിച്ച മൂന്ന് പേരെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ അറസ്റ്റിലായ നാസറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ വിദഗ്ധ പരിശോധന നടത്തും. ഇതിനായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അടുത്തു തന്നെ പരിശോധിക്കും. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കും. ബോട്ടിന് പെര്‍മിറ്റ്, അനുമതി തുടങ്ങിയവ ലഭിച്ചതിനെപ്പറ്റിയും അന്വേഷിക്കുമെന്ന് എസ്പി സുജിത് ദാസ് അറിയിച്ചു.
അതേസമയം താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെയും മലപ്പുറത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസ് നിർത്തിവെച്ചു. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂർ പോർട്ട് പരിധിയിൽ വരുന്ന ബോട്ട് സർവീസ് നിർത്തിവെക്കാനാണ് ഉത്തരവ്. വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രം സർവീസ് നടത്താൻ അനുമദി നൽകും.