കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ തഹസില്‍ദാരിനോടും മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാരുമാരുടെയും ജില്ലാ കളക്ടര്‍ വിശദീകരണം തേടി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് നാളെ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കളക്ടര്‍ കൈമാറും.
അവധി അപേക്ഷ നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യത കുറവാണ്. അതേസമയം അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാര്‍ക്ക് ഒന്നിച്ച് അവധി നല്കിയ തഹസില്‍ദാരും നടപടി നേരിടേണ്ടി വരും. എന്നാല്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍വീസ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറില്‍ പോയത്. 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് അന്ന് ഓഫീസില്‍ എത്തിയത്. 20 പേര് അവധി അപേക്ഷ പോലും നല്‍കാതെയാണ് യാത്ര പോയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എംഎല്‍എ കെ യു ജനീഷ്കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു ക്ഷുഭിതനായിരുന്നു.