Pravasimalayaly

തീരാത്ത വിവാദം; പ്രതിപക്ഷം തൃപ്തരല്ല; പിആർ വിവാദവും മലപ്പുറം പരാമർശവും നിയമസഭയിൽ‌ ഉന്നയിക്കും

നിയമസഭയിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും മലപ്പുറം പരാമർശവും ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി സണ്ണി ജോസഫ് MLA വിഷയം ഉന്നയിക്കും. ADGP എംആർ അജിത് കുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയിലും പ്രതിപക്ഷം തൃപ്തരല്ല. ഇന്നുമുതൽ വീണ്ടും ചേരുന്ന നിയമസഭയിൽ വിവാദങ്ങളിൽ മറുപടി പറയാൻ സർക്കാർ വിയർക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നുമുതൽ ചൂടേറും. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് വെള്ളിയാഴ്ച്ച പിരിഞ്ഞ നിയമസഭക്ക് ചർച്ചചെയ്യാൻ ഇന്നുമുതൽ രാഷ്ട്രീയ വിഷയങ്ങൾ ഏറെ. അടിയന്തര പ്രമേയത്തിന് പോലും പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം ഇല്ല. വിഷയാധിക്യമാണ് പ്രതിപക്ഷം നേരിടുന്ന ഇപ്പോഴത്തെ പ്രശ്നം. ആദ്യദിനം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പിആർ ഏജൻസി വിവാദവും സഭയിൽ അടിയന്തര പ്രമേയമാകും.

മലപ്പുറം ജില്ലയെ സംബന്ധിച്ച് ദ ഹിന്ദു ദിനപത്രത്തിൽ വന്ന പരാമർശം മുഖ്യമന്ത്രി നടത്തിയിട്ടില്ല എന്നതാണ് ഇപ്പോഴത്തെ ന്യായം. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ, ഉണ്ടെങ്കിൽ പരാമർശത്തിൽ പിആർ ഏജൻസിക്കെതിരെ കേസെടുക്കുമോ, ഇല്ലെങ്കിൽ തെറ്റിദ്ധാരണ പടർത്തിയതിന് ഹിന്ദു പത്രത്തിനെതിരെ കേസ് എടുക്കുമോ എന്നീ ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തും. വാർത്താസമ്മേളനത്തിൽ പോലും കൃത്യമായി മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ ആകാംക്ഷ.

Exit mobile version