Pravasimalayaly

തീവ്രമഴയും കാറ്റും; കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം, 185 ട്രാന്‍‍സ്ഫോര്‍‍മറുകൾക്ക് കേടുപാടുകൾ

സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വൈദ്യുതി മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകള്‍‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 895 എച്ച് ടി പോസ്റ്റുകളും 6230 എല്‍ ടി പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍ ടി ലൈനുകളും 895 ഇടങ്ങളില്‍ എച്ച് ടി. ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍‍സ്ഫോര്‍‍മറുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാര്‍ സത്വരമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചിരുന്നു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു കഴിഞ്ഞു. സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍‍വ്വഹിക്കുന്ന 11 കെ വി ലൈനുകളുടെയും ട്രാന്‍‍സ്ഫോര്‍‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുന്‍‍ഗണന. തുടര്‍‍ന്ന് എല്‍ ടി ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. ഇത് മനസ്സിലാക്കി മാന്യഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.

Exit mobile version