തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നും നൂറിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. 123 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
53 പേർ ഇന്ന് രോഗമുക്തരായി. പുതിയ രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.
പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശ്ശൂർ 10, കണ്ണൂർ 9, കോഴിക്കോട് 7, മലപ്പുറം 6, കാസർകോട് 4, ഇടുക്കി 3, തിരുവനന്തപുരം, കോട്ടയം, വയനാട് രണ്ട് വീതം ആളുകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5240 സാമ്പിളുകളാണ് പരിശോധിച്ചത്. 3726 പേർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചു. 1761 പേർ ചികിത്സയിലുണ്ട്. 159616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കുകയാണ്.
ജൂലൈയിൽ ദിവസം 15000 ടെസ്റ്റ് നടത്താനാണ് ശ്രമം. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 41944 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 40302 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ഇപ്പോൾ 113 ഹോട്സ്പോട്ടുകളുണ്ട്.
രോഗവ്യാപനത്തെ കുറിച്ച് വിദഗ്ധർ നൽകുന്ന വിവരങ്ങൾ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചു. പുറമെ നിന്ന് വന്ന കേസുകളിൽ ഏഴ് ശതമാനം പേരിൽ നിന്ന് മാത്രമേ രോഗം പടർന്നുള്ളൂ. 93 ശതമാനം പേരിൽ നിന്നും രോഗം വ്യാപിക്കാതെ തടയാനായി. ഇത് ഹോം ക്വാറന്റൈൻ സംവിധാനത്തിന്റെ വിജയം തന്നെ. ആക്ടീവ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ക്വാറന്റൈൻ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം.
സമ്പർക്കത്തിലൂടെ രോഗവ്യാപനം വലിയ തോതിൽ പിടിച്ചുനിർത്താനായെന്നത് പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയിൽ മുന്നോട്ട് പോകണം. വിദേശത്ത് നിന്നും വിമാനത്താവളത്തിൽ എത്തുന്നവർക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും.
ഇത് അധിക സുരക്ഷാ നടപടിയാണ്. വൈറസ് ബാധയെ തുടർന്ന് രോഗലക്ഷണം കാണപ്പെടുന്ന ആന്റിബോഡികളാണ് ടെസ്റ്റ് നടത്തുന്നത്. പിസിആർ ടെസ്റ്റ് ആവശ്യമെങ്കിൽ നടത്തും. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം വരുന്നത് വരെ ടെസ്റ്റ് നടത്തിയാൽ ഫലം നെഗറ്റീവാകും. അതുകൊണ്ട് ആന്റിബോഡി ടെസ്റ്റ് നെഗറ്റീവായവർ തെറ്റായ സുരക്ഷാ ബോധത്തിൽ കഴിയരുത്. അവർക്ക് പിന്നീട് കൊവിഡ് ഉണ്ടാകാം. അവരും കർശനമായ സമ്പർക്ക വിലക്കിൽ ഏർപ്പെടണം. ഇതിന് ബോധവത്കരണം നടത്തും.
രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം പോരാ. ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ആത്മാർത്ഥമായി മുന്നോട്ട് കൊണ്ടുപോകണം.
ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം വേണം. നിലവിൽ വളരെ ചുരുക്കം കേസുകളാണ് ഇത്തരത്തിലുള്ളത്. നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി വയ്ക്കണം. ബ്രേക് ദി ചെയ്ൻ ഡയറി സൂക്ഷിക്കണം. യാത്രയുടെ പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തണം. ഇത് രോഗബാധിതൻ സന്ദർശിച്ച സ്ഥലം കണ്ടെത്താനും ആരൊക്കെ ഇവിടങ്ങളിൽ ഉണ്ടായെന്ന് മനസിലാക്കാനും സഹായിക്കും.
ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന കണക്ക് പ്രകാരം ആഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഒരുപാട് കേസുകളുണ്ടാവും. നിലവിലെ സ്ഥിതി വച്ചുള്ള കണക്കാണിത്. ആ കണക്കിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും. നിയന്ത്രണം എല്ലാവരും പാലിക്കണം. പൂർണ്ണ പിന്തുണ ഈ കാര്യങ്ങൾക്ക് എല്ലാവരും നൽകണം. ഓരോ ആളും സഹകരിക്കാൻ പ്രത്യേകമായി തയ്യാറാകണം.
ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് തിരിച്ചെത്തിയത് 98202 പേരാണ്. 96581 (98.35ശതമാനം) വിമാനത്തിലും മറ്റുള്ളവർ കപ്പലിലും എത്തി. 34726 പേർ കൊച്ചിയിലും 31896 പേർ കരിപ്പൂരിലും വിമാനമിറങ്ങി. ഇവിടെ യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യവും ആവശ്യാനുസരണം സജ്ജീകരിച്ചു.
താജ്ക്കിസ്ഥാനിൽ നിന്നെത്തിയവരിൽ 18.15 ശതമാനം റഷ്യയിൽ നിന്നെത്തിയവരിൽ 15 ശതമാനം നൈജീരിയയിൽ നിന്നെത്തിയവരിൽ ആറ് ശതമാനം, യുഎഇയിൽ നിന്നെത്തിയവരിൽ 1.6 ശതമാനം, ഖത്തറിൽ നിന്നെത്തിയ 1.56 ശതമാനം, ഒമാനിൽ നിന്നെത്തിയ 0.77 ശതമാനം പേർക്കും കൊവിഡ് കണ്ടെത്തി.
ഇന്നലെ 72 വിമാനങ്ങൾ വിദേശത്ത് നിന്നെത്തി. നാളെ മുതൽ ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലും കോഴിക്കോടുമാണ് കൂടുതൽ വിമാനങ്ങൾ. എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യമൊരുക്കി. ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. വിമാനത്താവളത്തിൽ പ്രത്യേക ബൂത്തൊരുക്കി. ചുമതല വഹിക്കുന്നവർക്ക് വ്യക്തമായ മാർഗനിർദ്ദേശം നൽകി.
72 വിമാനം വന്നപ്പോൾ എല്ലാ കാര്യവും സുഗമമായി കൈകാര്യം ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാൻ പ്ലാൻ എ,ബി,സി തയ്യാറാക്കി. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാണ് ഇത്. പ്ലാൻ എ പ്രകാരം രോഗികളുടെ ചികിത്സയ്ക്ക് 14 ജില്ലകളിൽ 29 കൊവിഡ് ആശുപത്രികളും അവയോട് ചേർന്ന് 29 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ആരംഭിച്ചു. 29 കൊവിഡ് ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്ക, 872 ഐസിയു കിടക്ക 482 വെന്റിലേറ്ററും തയ്യാറാക്കി.
രോഗികൾ കൂടിയാൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കിടക്കകൾ ഉപയോഗിക്കും. ഇതിന് പുറമെ രണ്ടാം നിര ആശുപത്രികളും തെരഞ്ഞെടുക്കും. ഇത്തരത്തിൽ പ്ലാൻ ബി,സി മുറയ്ക്ക് 15975 കിടക്കകൾ കൂടി സജ്ജമാക്കി. സാധ്യമായ എല്ലാ സൗകര്യവും നൽകാനാണ് ശ്രമം. സർക്കാർ ചെലവിൽ ആംബുലൻസ്, ടെസ്റ്റിങ്, ക്വാറന്റൈൻ, ചികിത്സ എന്നിവയ്ക്കായി ഏപ്രിലിൽ 7561 പേരെയും മെയിൽ 24695 പേേരെയും ജൂണിൽ 30599 പേരെയും എത്തിച്ചു.
പത്ത് ലക്ഷം പേരിൽ 109 പേർക്ക് സംസ്ഥാനത്ത് രോഗമുണ്ട്. രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണ്. രാജ്യത്ത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാംപിൾ പോസിറ്റീവ് റേറ്റ് കേരളത്തിൽ 1.8 ശതമാനവും രാജ്യത്ത് 6.2 ശതമാനവുമാണ്. രണ്ട് ശതമാനത്തിൽ താഴെയാക്കാനാണ് ആഗോള തലത്തിൽ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളിൽ 20 ഉം മറ്റ് ഗുരുതര രോഗം ബാധിച്ചവരാണ്.
ശാരീരിക അകലം പാലിക്കുന്നതടക്കം ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കി. കടകൾ, ചന്തകൾ, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാൻ അനുവദിക്കില്ല. കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ, സ്ഥാപനം അണുവിമുക്തമാക്കണം. നിർദ്ദേശം ലംഘിക്കുന്നവരുടെ ഫോട്ടോ പൊലീസ് കൺട്രോൾ റൂമിലേക്ക് അയക്കണം.
വിദേശത്ത് നിന്ന് വരുന്നവർ നേരെ വീട്ടിലേക്ക് പോകണം. ബന്ധുവീട് സന്ദർശിക്കരുത്. വിദേശത്ത് നിന്ന് കൂടുതൽ പേരെത്തുമ്പോൾ ടെസ്റ്റ് നടത്തുക, എയർപോർട്ടിലെ നടപടി ക്രമം പൂർത്തിയാക്കാനും സമയം എടുക്കും. വിമാനത്താവളത്തിൽ തിരക്കും അനുഭവപ്പെടും. യാത്രക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. അവിടെ ഹോട്ടൽ ഭക്ഷണത്തിന് അമിത വില ഈടാക്കരുത്. എയർപോർട്ടിൽ ഭക്ഷണം ലഭ്യമാക്കുമ്പോൾ അമിത വില ഈടാക്കരുത്. അതിന് ശ്രമം നടക്കുന്നു. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണ കേന്ദ്രം ഒരുക്കി.
വിമാനത്താവളത്തിൽ പ്രവാസികൾ വരുമ്പോൾ സ്വീകരിക്കാൻ ആരും പോകണ്ട. വിമാനമിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ വാഹനം തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകരുത്. കൊവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് കണ്ടെത്തിയാലും മൃതദേഹം വിട്ടുകൊടുക്കാൻ കാലതാമസം ഉണ്ടാകരുത്. കൊവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകളും ആശുപത്രികളും അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കും. ഏകീകരണം ഉദ്ദേശിക്കുന്നു.
കണ്ടെയ്ൻമെന്റ് മേഖലയിൽ ബാരിക്കേഡ് സ്ഥാപിക്കും. ഇവിടങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും. രാത്രി ഒൻപത് മണിക്ക് ശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ചിലർ മാസ്ക് ധരിക്കുന്നില്ല. മാസ്കും ഹെൽമെറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും.