Pravasimalayaly

തൂത്തുക്കുടിയിലെ സമരക്കാരെ പൊലീസ് വെടിവെച്ചു വീഴ്ത്തിയത് വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ നിന്ന്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ പൊലീസ് വെടിവെപ്പു നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് സാധാരണ വസ്ത്രത്തില്‍ പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂസ് 18 തമിഴ്‌നാട്, പുതിയ തലമുറൈ എന്നീ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച ഒരു പൊലീസുകാരന്‍ പൊലീസ് വാനിനു മുകളില്‍ കയറി നിന്ന് വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുറച്ചുസമയത്തിനുശേഷം കറുത്ത ടീ ഷര്‍ട്ട് ധരിച്ച മറ്റൊരു പൊലീസുകാരന്‍ വാനിനു മുകളില്‍ കയറുകയും തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളില്‍ സമരക്കാരെ അടുത്തൊന്നും തന്നെ കാണുന്നില്ല എന്നതിനാല്‍ വെടിവെപ്പ് അനിവാര്യമാണെന്ന പൊലീസ് വാദത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങള്‍.

സമീപപ്രദേശത്തെ കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നും പൊലീസ് ഏറെ അകലെയുള്ള സമരക്കാരെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് ദ ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു പൊലീസ് വെടിവെപ്പ് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ‘ ജനക്കൂട്ടം അക്രമാസക്തമാകുകയും പൊലീസ് വാഹനങ്ങള്‍ തീയിടുകയും കലക്ട്രേറ്റിനുനേരെ കല്ലെറിയുകയും ചെയ്തു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു പൊലീസ് വെടിവെപ്പുണ്ടായത്.’ എന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം.

സ്ഥലത്ത് സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജുണ്ടായെന്നും അതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചതെന്നുമാണ് സ്ഥലത്തുണ്ടായിരുന്ന മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ച് പറയുന്നത്. ‘ട്രാന്‍സ്‌ജെന്റേഴ്‌സും ഭിന്നശേഷിയുള്ളവരുമുള്‍പ്പെടെ നിരവധി പേരടങ്ങിയ പ്രതിഷേധക്കാര്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. കലക്ട്രേറ്റിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെ തുടര്‍ന്നാണ് ഇത് അക്രമാസക്തമായത്. കൂടെ പ്രതിഷേധിക്കുന്നവര്‍ വെടിയേറ്റു വീഴുന്നത് കണ്ടയുടന്‍ അവര്‍ അക്രമാസക്തരാവുകയായിരുന്നു. ഇതോടെ കലക്ട്രേറ്റിനു വലതുവശമുള്ള സ്‌റ്റെര്‍ലൈറ്റ് ഹൗസിങ് ക്വാട്ടേഴ്‌സ് സമരക്കാര്‍ ലക്ഷ്യമിട്ടു.’ പീപ്പിള്‍സ് വാച്ചിന്റെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞദിവസവമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 11 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 1996ലാണ് സ്റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന് കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. ഇതോടെയാണ് ജനകീയ സമരം കൂടുതല്‍ ശക്തി പ്രാപിച്ചത്.

Exit mobile version