Pravasimalayaly

തൂത്തുക്കുടിയില്‍ സമരം ശക്തമാകുന്നു; മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകില്ല, പരീക്ഷകള്‍ മാറ്റിവെച്ചു

തൂത്തുക്കുടി: വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടക്കുന്ന സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകാതെ പ്രതിഷേധിക്കും. തൂത്തുക്കുടിയിലെ കോളേജില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അതേസമയം സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 10 ആയതായാണ് റിപ്പോര്‍ട്ട്.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ളാന്റിനെതിരെ നടന്ന സമരത്തിന്റെ 100ാം ദിനത്തിലായിരുന്നു പൊലീസ് അതിക്രമം. ദിവ്യാഭാരതിയടക്കം 60തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോപ്പര്‍ പ്ളാന്റിനെതിരെ ജില്ലാ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാര്‍.

പ്രദേശത്ത് ജില്ലാ കലക്ടര്‍ എന്‍.വെങ്കിടേഷ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് വകവെയ്ക്കാതെ സമരക്കാര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. നൂറോളം വരുന്ന സമരക്കാരെ നേരിടാന്‍ നാലായിരത്തോളം വരുന്ന വലിയ പൊലീസ് സംഘമാണ് തൂത്തുകുടിയില്‍ ഉണ്ടായിരുന്നത്.

1996ലാണ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന് കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്.
ഇതോടെയാണ് ജനകീയ സമരം കൂടുതല്‍ ശക്തി പ്രാപിച്ചത്.

Exit mobile version