Pravasimalayaly

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്‌തോയെന്നതിലും ജുഡീഷ്യല്‍ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നില്‍ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Exit mobile version