Pravasimalayaly

തെയ്യം കണ്ട് നിൽക്കെ പടക്കശാല തീഗോളമായി മാറി; സമീപത്ത് നിന്നവർക്ക് ഗുരുതരമായി പൊള്ളലേറ്റു; പരിഭ്രാന്തരായി ഓടിയവർക്കും പരുക്കേറ്റു

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ എട്ടു പേരുടെ നില ​ഗുരുതരം. അപകടത്തിൽ‌ പൊട്ടിത്തെറിയിൽ പൊള്ളലേറ്റവരും പരിഭ്രാന്തരായി ഓടിയവരിൽ വീണ് പരുക്കേറ്റവരും ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികൾക്ക് ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. രണ്ട് ദിവസം തെയ്യം ഉത്സവമാണ് അഞ്ഞൂറ്റമ്പലം വീരർകാവിൽ നടക്കുന്നത്. മലബാറിൽ തെയ്യക്കെട്ടുകളുടെ സമാരംഭം കുറിക്കുന്ന തെയ്യം ആയതുകൊണ്ട് കാസർ​ഗോഡിന്റെ നാനഭാ​ഗത്ത് വിശ്വാസികൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്താണ് അപകടം സംഭവിച്ചത്. വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തീ പടർന്നാണ് അപകടം സംഭവിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പൊട്ടിത്തെറിയുണ്ടായതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്‌. വെടിക്കെട്ട് പുരയ്ക്ക് സമീപം നിന്നവർക്കാണ് ​ഗുരുതരമായി പരുക്കേറ്റത്.ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം കുട്ടികളും സ്ത്രീകളും ഉൾപ്പെടെ തെയ്യം കാണുന്നതിനായി കൂടി നിന്നിരുന്നു. പരുക്കേറ്റവരെ കാസർ​ഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 154 പേർക്കാണ് പരുക്കേറ്റത്. രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്.

Exit mobile version