തിരുവനന്തപുരം: ഇന്ത്യാ മുന്നണിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് ഒരു പ്രധാനമന്ത്രി മുഖം ആവശ്യമില്ലെന്ന് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഐക്യമാണ് കോൺഗ്രസിനും പ്രതിപക്ഷത്തിനും വേണ്ടതെന്നും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കെപിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് പ്രവർത്തക സമിതിയംഗമായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരണം നൽകി. തുടർന്നാണ് കെപിസിസി ഓഫീസിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് സമാന മനസ്‌കരുടെ അഭിപ്രായം മാനിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടവർക്ക് കൂടിയുള്ള സന്ദേശമാണ് തന്റെ പ്രവർത്തക സമിതി അംഗത്വം.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പ്രായോഗികമാണോയെന്ന് സംശയമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബിജെപി കരുതുന്നതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.