Pravasimalayaly

തൊടുപുഴയില്‍ ഗവര്‍ണറെത്തും മുമ്പ് കറുത്ത ബാനറുയര്‍ത്തി എസ്എഫ്‌ഐ; ഇടുക്കിയിലെ ഹര്‍ത്താലിനെതിരെ വ്യാപാരികള്‍

തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ തൊടുപുഴയിലേക്ക് തിരിക്കും. നിലവില്‍ ഗവര്‍ണര്‍ ആലുവ ഗസ്റ്റ് ഹൗസില്‍ തങ്ങുകയാണ്. എല്‍ഡിഎഫ് പ്രതിഷേധങ്ങള്‍ക്കിടെ കനത്ത സുരക്ഷയിലാണ് ഗവര്‍ണറുടെ യാത്രയും പരിപാടിയും. അതേസമയം,ഭൂപതിവ് ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും പുരോഗമിക്കുകയാണ്.എല്‍ഡിഎഫ് പ്രതിഷേധം മുന്നില്‍കണ്ട് വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ തൊടുപുഴയിലും ഗവര്‍ണറുടെ വഴിയുടനീളവും ഒരുക്കിയിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളില്‍ നിന്ന് പോലീസ് തൊടുപുഴയില്‍ എത്തി. അതേസമയം തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ രാവിലെ കറുത്ത ബാനര്‍ ഉയര്‍ത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം ആണ് ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്.എന്നാല്‍ ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര ആവശ്യപ്പെട്ടു. ഭരണഘടന ചുമതല വഹിക്കുന്ന ഒരാള്‍ വരുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും കാരുണ്യ പദ്ധതി ആര്‍ക്കും എതിരല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗവര്‍ണറുമായുള്ള അഭിപ്രായ ഭിന്നത തെരുവിലല്ല തീര്‍ക്കേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.ആരെയും വെല്ലുവിളിക്കാന്‍ അല്ല തൊടുപുഴയില്‍ ഗവര്‍ണറുടെ പരിപാടി സംഘടിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിള്ളിയില്‍ പറഞ്ഞു. ചാരിറ്റി പരിപാടിയുടെ ഉദ്ഘാടനം ആണ് നടക്കുന്നതെന്നും ഗവര്‍ണര്‍ വരുന്ന ദിവസം ഹര്‍ത്താല്‍ പ്രഖാപിച്ചത് ശരിയായില്ലെന്നും അദ്ദേഹവും അഭിപ്രായപ്പെട്ടു. പരിപാടി പ്രശ്‌നങ്ങള്‍ ഇല്ലാതെ നടത്താന്‍ ഇടത് മുന്നണി സഹകരിക്കണം. വ്യാപാരികള്‍ ആര്‍ക്കും എതിരല്ലെന്നും സംഘടനയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും സണ്ണി പൈമ്പള്ളിയില്‍ പറഞ്ഞു.

Exit mobile version