Pravasimalayaly

തോമസ് പ്രഥമന്‍ ബാവായ്ക്ക് യാത്രാമൊഴി, കബറടക്കം ഇന്ന്; പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികള്‍ പങ്കെടുക്കും

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്ക് ഇന്നു വിശ്വാസി സമൂഹം വിടചൊല്ലും. കബറടക്കം ഇന്നു വൈകിട്ട് 4നു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടക്കും. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് മാര്‍ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവര്‍ കബറടക്ക ശുശ്രൂഷകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിക്കും.പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്ഥലവും സഭാ ആസ്ഥാനവുമായ പുത്തന്‍കുരിശിലേക്കുള്ള വിലാപയാത്രയിലെയും ജനപങ്കാളിത്തം ബാവായ്ക്കുള്ള സ്‌നേഹാഞ്ജലിയായി. കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളിയില്‍ കബറടക്ക ശുശ്രൂഷയുടെ ആദ്യ 2 ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. മൂന്നാമത്തെ ക്രമം വലിയ പള്ളിയിലും നടന്നു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തിച്ച ശേഷം രാത്രി നാലും അഞ്ചും ക്രമങ്ങള്‍ നടന്നു. ഇന്നു രാവിലെ കുര്‍ബാനയ്ക്കു ശേഷം അടുത്ത 3 ക്രമങ്ങള്‍ നടക്കും. സമാപന ക്രമം വൈകിട്ട് 4ന്.

Exit mobile version